കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്രയും ഹിന്ദുരക്ഷാ സംഗമവും 24 ന് ഉച്ചയ്ക്ക് രണ്ടിന് കുണ്ടംകുഴിയിൽ നടക്കും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും. സന്ന്യാസികൾ, തന്ത്രികൾ, സമുദായ സംഘടനാ നേതാക്കൾ, ക്ഷേത്ര ഭാരവാഹികൾ, ഗുരുസ്വാമിമാർ, ഹൈന്ദവ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ബോധവത്കരണ ക്ലാസ്
കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. വാഹന അപകടങ്ങൾ പെരുകുന്നതും അലക്ഷ്യ ഡ്രൈവിംഗും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതും സംബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. പടന്നക്കാട് സി.കെ. നായർ കോളേജിലെ പരിപാടി ലയൺസ് റീജിയണൽ ചെയർമാൻ പി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. വിജയൻ ക്ലാസെടുത്തു. എൻ.പി. നാരായണൻ നായർ, പി.പി. കുഞ്ഞിക്കൃഷ്ണൻ നായർ, കോളേജ് പ്രിൻസിപ്പാൾ എ.സി. കുഞ്ഞിക്കണ്ണൻ നായർ, കോളേജ് യൂണിയൻ പ്രസിഡന്റ് അശ്വിൻ സി. വിജയൻ എന്നിവർ സംസാരിച്ചു.
തുടർവിദ്യാഭ്യാസ പരിപാടി
നീലേശ്വരം: കേരള സ്റ്രേറ്റ് ഫാർമസി കൗൺസിലിന്റെ തുടർ വിദ്യാഭ്യാസ പരിപാടി ഇന്ന് രാവിലെ 9 ന് തൃക്കരിപ്പൂർ രാജീവ്ഗാന്ധി കോളേജ് ഓഫ് ഫാർമസിയിൽ നടക്കും. അറിയിപ്പ് ലഭിച്ചവർ വൈറ്റ് കോട്ടും ഐ.ഡി കാർഡും ധരിച്ച് 8. 30 ന് എത്തണം.
നിയമനാംഗീകാരം നൽകണം: കെ.പി.എസ്.ടി.എ
കാഞ്ഞങ്ങാട്: വർഷങ്ങളായി ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ കാസർകോട് റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൽ.പി.എസ്.എ, യു.പി.എസ്.എ പി.എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ട നിയമനങ്ങൾ നടത്തണമെന്നും പാഠ പുസ്തകങ്ങളിലെ ചുവപ്പ് വത്ക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഭാരവാഹികൾ: അലോഷ്യസ് ജോർജ്ജ് (പ്രസിഡന്റ്), ജി.കെ. ഗിരീഷ് (സെക്രട്ടറി), ടി.വി. പ്രദീപ് കുമാർ (ട്രഷറർ)
പ്ലാന്റേഷൻ തൊഴിലാളി
സത്യാഗ്രഹം
ചീമേനി: ഏഴ് വർഷം മുതൽ 14 വർഷം വരെ താത്കാലികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, രാജപുരം, കാസർകോട്, ചീമേനി തോട്ടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ സ്ഥിരം നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിത കാല പണിമുടക്കും എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ സത്യാഗ്രഹവും നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.ശശി അദ്ധ്യക്ഷത വഹിച്ചു. എം. ശശിധരൻ, എ.എസ്. വാസുദേവൻ, കെ.ജെ. രത്‌നമ്മ എന്നിവർ സംസാരിച്ചു. പ്രകാശൻ സ്വാഗതം പറഞ്ഞു.