musthafa

കാസർകോട് : പെരിയ ഇരട്ടക്കൊലകേസിൽ പ്രതിരോധത്തിലായ സി.പി.എമ്മിന് ബാധ്യതയായി,​ പാർട്ടി ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ ജനുവരി ഏഴിന് കല്യോട്ട് സി.പി.എം സംഘടിപ്പിച്ച സമ്മേളനത്തിലാണ്,​ 'പാർട്ടി പരമാവധി ക്ഷമിക്കുകയാണെന്നും,​ ഇനിയും ചവിട്ടിയാൽ പെറുക്കിയെടുത്ത് ചിതയിൽ വയ്‌ക്കാൻ പോലും കോൺഗ്രസ് നേതാക്കൾ ബാക്കിയുണ്ടാവില്ലെ'ന്നുമുള്ള സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്‌തഫയുടെ ഭീഷണിപ്രസംഗം. ഇരട്ടക്കൊല കേസിൽ അറസ്റ്റിലായ എ.പീതാംബരന് നേരത്തേ പ്രാദേശിക തർക്കത്തിനിടെ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്നു കല്യോട്ടെ സമ്മേളനം.

കാസർകോട് സംഭവത്തെ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ച് അപലപിക്കുന്നതിനിടെയാണ് ജില്ലാ നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മുസ്‌തഫയുടെ പ്രസംഗഭാഗം ഇങ്ങനെ: "പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദിച്ചതു വരെയുള്ള സംഭവങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽ നിന്ന്‌ റോക്കറ്റു പോലെ സി.പി.എം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല... പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും..."

കല്യോട്ടെ കോൺഗ്രസ് നേതാക്കളാണ് പ്രസംഗത്തിൽ മുസ്‌തഫ സൂചിപ്പിക്കുന്ന ഗോവിന്ദൻ നായരും ബാബുരാജും. കൊലവിളി പ്രസംഗം വിവാദമായതോടെ,​ തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി വി.പി.പി മുസ്‌തഫ രംഗത്തെത്തി. പീതാംബരനെയും സുരേന്ദ്രനെയും അക്രമിച്ചതുവരെ ക്ഷമിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചതെന്നാണ് മുസ്‌തഫയുടെ വാദം.