കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ട കൊലപാതകത്തിന് പിന്നിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന്റെ പങ്ക് അന്വേഷിക്കണമെന്നും കൊലയ്ക്ക് മുൻപ് കോൺഗ്രസ് നേതാക്കളുടെ പേരെടുത്ത് കൊലവിളി പ്രസംഗം നടത്തിയ വി.പി.പി. മുസ്തഫക്കെതിരെ കേസെടുക്കണമെന്നും ഉദുമ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കർ ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണം

മന്ത്രി ഇ. ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്. രക്ഷിതാക്കളും ജനപ്രതിനിധികളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂൾ കെട്ടിടോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, അബ്ദുൾ റഹ്മാൻ, എം. രാജൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ കെ.ജി. സനൽഷ സ്വാഗതവും കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

സുരക്ഷയില്ലാതെ റോഡ് നവീകരണം

അപകടം കാത്ത് തങ്കയം

തൃക്കരിപ്പൂർ: സുരക്ഷാ സൗകര്യം ഒരുക്കാതെ റോഡ് വീതികൂട്ടി നവീകരിച്ചത് ആശങ്കയാകുന്നു. തങ്കയം ചക്രപാണി ക്ഷേത്ര പരിസരത്ത് കൂടി പോകുന്ന റോഡാണ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നത്. പത്ത് ഏക്കറോളം വിസ്തൃതിയിൽ ഉള്ള രണ്ടു ക്ഷേത്ര കുളങ്ങൾക്ക് നടുവിലൂടെ പോകുന്ന റോഡിനായി കുളത്തിന്റെ അരികിൽവരെ ടാറിംഗ് നടത്തി. അതേസമയം റോഡിനെയും കുളത്തിനെയും വേർതിരിക്കാൻ കോൺക്രീറ്റ് കുറ്റിയോ മതിലോ സ്ഥാപിച്ചിട്ടുമില്ല. ഇതോടെ വാഹനങ്ങൾ അപകടത്തിൽ പെട്ടേക്കാമെന്ന് ജനങ്ങൾ പറയുന്നു. രാമവില്യം റെയിൽവേ ഗേറ്റ് വഴി തങ്കയം, കുന്നച്ചേരി, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സ്‌കൂൾ ബസുകളും ഇതിലൂടെ പോകുന്നുണ്ട്. വകുപ്പ് എൻജിനീയർമാരുടെ അലംഭാവമാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്.