മാഹി .സമകാലിക ഹിന്ദികവിതയുടെ ഭിന്നമുഖങ്ങൾ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി ഗവ. കോളേജ് ഹിന്ദിവിഭാഗം ഏകദിനസെമിനാർ സംഘടിപ്പിച്ചു. ഡോ.വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. എ. ജെ. ആരോകിയസാമി അദ്ധ്യക്ഷതവഹിച്ചു. ഡോ. ഇ. മിനി. ഡോ. കെ. കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹിന്ദിവിഭാഗം മേധാവി ഡോ. കെ. മഞ്ജുള സ്വാഗതവും ഡോ. ടി. കെ. ഗീത നന്ദിയും പറഞ്ഞു.


വികസനത്തിന് യുവജന പങ്ക് അനിവാര്യം

മാഹി സർക്കാരിന്റെ വികസനപരവും, സാമൂഹ്യപരവുമായ മുന്നേറ്റത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യമാണെന്ന് സോ: വി.രാമചന്ദ്രൻ എം എൽ .എ അഭിപ്രായപ്പെട്ടു. സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നെഹ്രു യുവകേന്ദ്ര സംഘടിപ്പച്ച യൂത്ത് കൺവൻഷന്റെയും, അവാർഡ് ദാനത്തിന്റേയും ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ യൂത്ത് കോഓർഡിനേറ്റർ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. മാഹി മേഖലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് നേടിയ ഝാൻസി റാണി മഹിളാസമാജത്തിന് അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ പുരസ്‌ക്കാരം സമ്മാനിച്ചു.വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.ഉത്തമരാജൻ, എൻ.എസ്എസ്. കോഓർഡിനേറ്റർ ഇ.ഗിരീഷ് കുമാർ, ഇന്ത്യൻ ബാങ്ക് മാനേജർ കെ.എം.ഭാസ്‌ക്കരൻ, ചാലക്കര പുരുഷു, ടി.സലീം സംസാരിച്ചു.പി.അസ്മാബി സ്വാഗതവും ടി.ഹംസ്സ നന്ദിയും പറഞ്ഞു.

ഫ്രഞ്ച് പെട്ടിപ്പാലത്ത് സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചു

മാഹി : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം സേഫ്റ്റി മീറ്ററുകൾ സ്ഥാപിച്ചു.
ഫ്രഞ്ച് പെട്ടിപ്പാലം സൗഹൃദ കൂട്ടായ്മയുടെ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കിയ സംരംഭം മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്.രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. 32 ഇഞ്ച് വലുപ്പത്തിൽ റോഡിന് ഇരു ഭാഗത്തുമാണ് സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ സമീർ ബോണോന്റവിട അദ്ധ്യക്ഷത വഹിച്ചു. മാഹി സി.ഐ കെ.ഷൺമുഖം, ചാലക്കര മഹാത്മാ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അബു പനങ്ങാട്, സെക്രട്ടറി ശ്രീജയൻ , പി.ഡബ്ല്യൂ.ഡി എൻജിനീയർ കെ.സി.അബ്ദുൾ സലിം, എഫ്.ബി വോയ്‌സ് ചാരിറ്റി ഫൗണ്ടർ മയലക്കര സുൽഫി, റഫീഖ് വട്ടോത്ത്, പി.കെ.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

ആയിത്തര മുത്തപ്പൻ മടപ്പുര തിറമഹോത്സവം 21 മുതൽ
ആയിത്തര: ആയിത്തര ശ്രീമുത്തപ്പൻ മടപ്പുര തിറമഹോത്സവം 21 മുതൽ 23 വരെ ആഘോഷിക്കും. 21 ന് രാവിലെ ആറ് മണിക്ക് ഗണപതി ഹോമം, 7 മണിക്ക് അടിയറ പുറപ്പെടൽ. വൈകന്നേരം അഞ്ച് മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര പുതശ്ശേരി മുത്തപ്പൻ ദേവസ്ഥാനത്ത് നിന്നാരംഭിക്കും. 22 ന് ഉച്ചയ്ക്ക് 2.30 ന് മലയിറക്കൽ, ആറ് മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 7.30 ന് ശാസ്തപ്പൻ വെള്ളാട്ടം, 9.30 ന് അടിയറവരവ്. 10.30 ന് കലശം വരവ്, 11 മണിക്ക് ഭഗവതി കലശം. 23 ന് പുൽർച്ചെ ഗുളികൻതിറ, ശാസ്തപ്പൻ തിറ, തിരുവപ്പന, ഭഗവതി തിറ എന്നിവയുണ്ടാകും.

ക്ഷേത്രകലാഅക്കാഡമി സംസ്ഥാന അവാർഡ് വിതരണം നാളെ
പഴയങ്ങാടി:കണ്ണപുരം ക്ഷേത്ര കലാഅക്കാദമി സംസ്ഥാന അവാർഡ് വിതരണം 23ന് രാവിലെ 11ന് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രാങ്കണത്തിൽ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് കൈമാറും .അവാർഡ് വിതരണത്തിന്റെഭാഗമായി രാവിലെ ഒമ്പതിന് മട്ടന്നൂർ ബലരാമൻ അവതരിപ്പിക്കുന്ന സോപാനസംഗീതവും പത്തിന് ക്ഷേത്ര കലാഅക്കാഡമി വിദ്യാർത്ഥികളുടെ വാദ്യമേളവും പകൽ 11ന് കണ്ണൂർ സർവ്വകലാശാല കലാപ്രതിഭ നീഹാരികയുടെ ഓട്ടൻതുള്ളലും അരങ്ങേറും.

ഉച്ചയ്ക്ക് രണ്ടിന് ലക്കിടി പികെ ഹരീഷ് സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പകയും വൈകിട്ട് നാലിന് ക്ഷേത്രകലകളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിക്കും. കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ടികെ നാരായണൻ പ്രഭാഷണം നടത്തും .വൈകിട്ട് അഞ്ചിന് തിരുവാതിരയുംആറിന് ഗാന സന്ധ്യയും അരങ്ങേറും. ഏഴിന് കലാമണ്ഡലം വാണി വാസുദേവൻ അവതരിപ്പിക്കുന്ന കൂടിയാട്ടവും അരങ്ങേറും ചടങ്ങിൽ ടി .വി. രാജേഷ് എം.എൽ.എ അധ്യക്ഷനാകും കലാമണ്ഡലം ഗോപി വിശിഷ്ടാതിഥിയാകും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ .കെ. വാസു മുഖ്യാതിഥിയാകും. കലാമണ്ഡലം ഗോപി ആശാൻ ( ക്ഷേത്ര കലാശ്രീ) ,ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ ,( ക്ഷേത്ര കലാ ഫെല്ലോഷിപ്പ്)സന്തോഷ് ഉദയവർമൻ ( ദാരുശിൽപം) ,പടിഞ്ഞാറ്റയിൽ രമേശൻ, (ലോഹ ശിൽപം) ശങ്കരൻ എമ്പ്രാതിരി (തിടമ്പ് നൃത്തം) ,ബിജു പാണപ്പുഴ. (ചുമർചിത്രം) ശങ്കരൻ ശിൽപി ( ശിലാ ശിൽപം) കരിയിൽ സതീശൻ (കളമെഴുത്ത് )സദനം കെ രാമൻകുട്ടി നായർ, (കഥകളി ) കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ ) തൃപ്പൂണിത്തറ കൃഷ്ണദാസ് ( ക്ഷേത്ര വാദ്യം ) പുള്ളിയാമ്പള്ളി ശങ്കര മാരാർ (സോപാന സംഗീതം) , ഗോപിനാഥ് ആയിരം തെങ്ങ് ( ക്ഷേത്ര വൈജ്ഞാനിക സാഹിത്യം ),പി കെ ഹരീഷ് നമ്പ്യാർ, ( കൂടിയാട്ടം)ഡോ. പി ആർ ശിവകുമാർ ,( കൃഷ്ണനാട്ടം, )പി സരസ്വതി, (അക്ഷര ശ്ലോകം)രതീഷ് കുമാർ, ( ശാസ്ത്രീയ സംഗീതം) കലാമണ്ഡലം വാണി വാസുദേവൻ, (നങ്ങ്യാർ കൂത്ത് ) ,മാണി നീലകണ്ഠ ചാക്യാർ ( ചാക്യാർ കൂത്ത് ) ,ശ്രീരാജ് കിള്ളിക്കുറിശി മംഗലം ( പാഠകം ) എന്നിവർ അവാർഡ് ഏറ്റുവാങ്ങും വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ ഡോ.കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, അക്കാദമിയംഗം ഗോവിന്ദൻ കണ്ണപുരം, സുമേഷ് എന്നി വർ സംബന്ധിച്ചു.

ദിനേശ് 50ാം വാർഷികം: കണ്ണൂരിൽ ആദരസമ്മേളനം ഇന്ന്

കണ്ണൂർകേരള ദിനേശ് ബീഡി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച കണ്ണൂരിലും ശനിയാഴ്ച കാഞ്ഞങ്ങാട്ടും ആദരസമ്മേളനം നടക്കും. വ്യവസായ– തൊഴിൽ മേഖലകളിൽ പുതുചരിത്രം രചിച്ച് 1969ൽ സ്ഥാപനം രൂപംകൊണ്ടപ്പോൾ ജോലിയിൽ പ്രവേശിച്ച ആദ്യകാല തൊഴിലാളികളെയും ജീവനക്കാരെയും ആദ്യ ഭരണസമിതി അംഗങ്ങളെയുമാണ് ആദരിക്കുന്നത്.

കണ്ണൂരിൽ വ്യവസായമന്ത്രി ഇ പി ജയരാജനും കാഞ്ഞങ്ങാട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും.കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മൂന്നിനു നടക്കുന്ന ആദരസമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും. സംഘാടകസമിതി ചെയർമാനും ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. പി. സഹദേവൻ, ദിനേശ് ചെയർമാൻ സി രാജൻ, ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ ബാലകൃഷ്ണൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി. എൻ അനിൽകുമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ബീഡിത്തൊഴിലാളികളുടെയും ജീവിനക്കാരുടെയും കലാപരിപാടികളും കണ്ണൂർ ഭൈരവിയുടെ നാടൻ പാട്ടും അരങ്ങേറും. നാളെ പകൽ മൂന്നിന് മുനിസിപ്പൽ ടൗൺഹാളിലാണ് കാഞ്ഞങ്ങാട്ട് ആദരസമ്മേളനം. നഗരസഭാ ചെയർമാൻ വി .വി. രമേശൻ അദ്ധ്യക്ഷനാകും.


തിറ മഹോത്സവം സമാപിച്ചു

പേരാവൂർ: കുനിത്തല മങ്ങംമുണ്ട ശ്രീ കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ പൊട്ടൻ തെയ്യം കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്.

ശാസ്തപ്പൻ, മുത്തപ്പൻ, ഗുളികൻ, ഘണ്ഠാകർണൻ, വസൂരി മാല തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടിയത്.

യു.ഡി.എഫ് ബഹിഷ്കരിക്കും

തളിപ്പറമ്പ്: മുഖ്യമന്ത്രി പങ്കെടുക്കുന്ന തളിപ്പറമ്പ് ആർ.ഡി. ഒ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്‌ക്കരിക്കും. പെരിയ ഇരട്ടക്കൊലപാതകത്തിലും ഉദ്ഘാടന പരിപാടി സി പി എം മേളയാക്കുന്നതിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതെന്ന് തളിപ്പറമ്പ് നയോജക മണ്ഡലംയു.ഡി.എഫ് കൺവീനർ അറിയിച്ചു.

കൂത്തുപറമ്പ് കുടിവെള്ളവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ്: കൂത്തുപറമ്പ് കുടിവെള്ള വിതരണ പദ്ധതി ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ടൗൺസ് ക്വയറിൽ നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.സുകുമാരൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷബ്‌ന, നഗരസഭാ വൈസ് ചെയർപേഴ്‌സൺ എം.പി.മറിയംബീവി, വാട്ടർ അതോറിറ്റി എം.ഡി. ഡോ: എ.കൗശിഗൻ, ചീഫ് എൻജിനിയർ ബാബു തോമസ് തുടങ്ങിയവർ സംസാരിച്ചു. പാട്യം, കോട്ടയം പഞ്ചായ ത്തുകളിലെയും കൂത്തുപറമ്പ് നഗരസഭയിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്.

ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

കൂത്തുപറമ്പ്: മെരുവമ്പായി കൂർമ്പ ക്ഷേത്രത്തോടനുബന്ധിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12 മണിക്ക് മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഓ.കെ.വാസു മുഖ്യാതിഥിയായിരിക്കും. വിവാഹം, കലാ സാംസ്‌ക്കാരിക പരിപാടികൾ എന്നിവ നടത്താൻ അനുയോജ്യമായ നിലയിലാണ് ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. ശനിയാഴ്ച്ച ആരംഭിക്കുന്ന താലപ്പൊലിമഹോത്സവത്തിന്റെ ഭാഗമായാണ് ഓഡിറ്റോറിയം തുറക്കുന്നത് വാർത്താ സമ്മേളനത്തിൽ കൺവീനർ എം.അശോകൻ, കെ.ദിനേശൻ, പത്തലായി ദിനേശൻ, എ.കെ.വത്സൻ എന്നിവർ പങ്കെടുത്തു.

ജില്ലാ സമ്മേളനം
കൂത്തുപറമ്പ്:കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കുത്തുപറമ്പിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ വൈകിട്ട് ടൗൺ സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മുതിർന്ന പൗരൻമാരെ കെ.സി.ജോസഫ് എം.എൽ.എ.ആദരിക്കും.24ന് രാവിലെ 10.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും. 13 ബ്‌ളോക്കുകളിൽ നിന്നുള്ള 700 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച്ച വൈകിട്ട് കൂത്തുപറമ്പ് ടൗണിൽ പ്രകടനം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഗസ്റ്റ്യൻ കുളത്തൂർ, പ്രസിഡണ്ട്എം പി ഭട്ടതിരിപ്പാട്, മാലൂർ പി.കുഞ്ഞികൃഷ്ണൻ, ടി.ഭാസ്‌ക്കരൻ, വി.കെ.രാഘവൻ, എം.കെ.ബാലൻ, പി.പി.ബാലൻ എന്നിവർ പങ്കെടുത്തു.

റോഡ് അപകടങ്ങൾക്കെതിരേ സ്റ്റിക്കർ പ്രചരണം.

ചെറുപുഴ: പാടിയോട്ടുചാൽ ഐഡിയൽ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈക്ക് ബോധവൽക്കരണ റാലിയ്ക്ക് മുന്നോടിയായി സ്റ്റിക്കർ പ്രചരണം നടന്നു. അപകട രഹിത നാട്, എന്റെ ജീവൻ എന്റെ കുടുംബത്തിന് എന്ന സന്ദേശമുയർത്തിയാണ് റാലി നടത്തുന്നത്. 27ന് രണ്ടിന് പാടിയോട്ടുചാൽ വ്യാപാര ഭവനിൽ സി. കൃഷ്ണൻ എം .എൽ .എ ഉദ്ഘാടനം ചെയ്യും. പൊലീസ് മേധാവികൾ, ജോയിന്റ് ആർ ടി ഒ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, പ്രമുഖ അഭിഭാഷകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ബൈക്ക് റാലിയ്ക്ക് മുന്നോടിയായി മലയോരത്തെ വിവിധ ടൗണുകളിൽ സ്റ്റിക്കർ പ്രചരണം നടന്നു. ചെറുപുഴയിൽ സ്റ്റിക്കർ പ്രചരണത്തിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് നിർവ്വഹിച്ചു. ഐഡിയൽ ക്ലബ് പ്രസിഡന്റ്‌ കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ അഡീഷണൽ എസ് ഐ സന്തോഷ് കുമാർ, കെ. ശ്രീധരൻ, ഓട്ടോറിക്ഷ തൊഴിലാളികളായ റോയി, അനീഷ് ആന്റണി,എം. ബി വിജയൻ, .കെ. വേണു, ടി.പി. മനോജ്കുമാർ, റോബിൻ എന്നിവർ പ്രസംഗിച്ചു.


തലശ്ശേരി നഗരസഭാ ബഡ്ജറ്റിന് അംഗീകാരം

തലശ്ശേരി:ആറ് മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചയിലൂടെ നഗരസഭയുടെ 2019​​-20 വർഷത്തെ ബഡ്ജറ്റിന് അംഗീകാരം 84,0378474 കോടി രൂപയാണ് പുതിയ ബഡ്ജറ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്. നഗരത്തിലെ റോഡ് വികസനത്തിനായി സമിപിപ്പോൾ ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന് സ്ഥലം എം.പി.യായ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നോട് നേരിൽ പറഞ്ഞതായി വെളിപ്പെടുത്തിയ ചെയർമാൻ സി.കെ.രമേശൻ ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് ബഡ്ജറ്റ് ചർച്ചയിൽ വിമർശിച്ച നഗരസഭാംഗം എം.പി.അരവിന്ദാക്ഷന് മറുപടി നൽകി.

നഗരം പ്രകാശപൂരിതമാക്കാൻ സാധിച്ചു. ജനറൽ ആശുപത്രിയിലെ പ്രസവവാർഡ് ശീതീകരിച്ചു.കടൽഭിത്തി നിർമാണം ആരംഭിച്ചു.' തലശ്ശേരിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചു. മലബാർ കാൻസർ സെന്ററിന്റെ വികസനത്തിന് താങ്ങായി നിൽക്കാനും നഗരസഭക്ക് സാധ്യമായി. പദ്ധതി നിർവ്വഹണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ആരെങ്കിലും അലംഭാവം കാണിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ മറുപടി നൽകി.. പി.വി.വിജയൻ, എം.പി.അരവിന്ദാക്ഷൻ, സാജിദ ടീച്ചർ. അഡ്വ.പി. രത്‌നാകരൻ..ഇ കെ.ഗോപിനാഥ്, എം.വി.സ്മിത, കെ ലിജേഷ്, കെ.ഇ.ഗംഗാധരൻ, കെ.സുനിൽ, എം.പി. നീ മ ,വാഴയിൽ ലക്ഷ്മി, എം.എ.സുധീശൻ ,പത്മജ, എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

പൂരക്കളി അക്കാഡമിക്ക് സ്ഥലം കൈമാറൽ

പയ്യന്നൂർ: കേരള പൂരക്കളി അക്കാഡമിക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായി വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം നൽകുന്ന 50 സെന്റ് സ്ഥലത്തിന്റെ ആധാരം കൈമാറൽ ചടങ്ങ് 24ന് വൈകീട്ട് 4ന് ക്ഷേത്ര സന്നിധിയിൽ നടക്കും.എൻ.മുകുന്ദൻ അന്തിത്തിരിയൻ,എ.പി. കൃഷ്ണൻ അന്തിത്തിരിയൻ എന്നിവരിൽ നിന്നും സി. കൃഷ്ണൻ എം.എൽ.എ, രേഖകൾ ഏറ്റുവാങ്ങി.പൂരക്കളി അക്കാഡമി ചെയർമാൻ ഡോ: സി.എച്ച്.സരേന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.നഗരസഭ ഉപാദ്ധ്യക്ഷ കെ.പി.ജ്യോതി മുഖ്യാതിഥിയായിരിക്കും.കെ.വി.മോഹനൻ, പി.പി.ദാമോദരൻ, പാവൂർ നാരായണൻ, കെ.വി.ബാബു,എൻ.ഗംഗാധരൻ, വി.ഗോപാല
കൃഷ്ണൻ പണിക്കർ ,ചന്തേര നാരായണൻ പണിക്കർ ,ക്ഷേത്രം സമുദായക്കാർ തുടങ്ങിയവർ സംസാരിക്കും.

പ്രതിഷ്ഠാദിന മഹോത്സവവും സുവനീർ പ്രകാശനവും ഇന്ന്
മാഹി:ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,സുവനീർ പ്രകാശനവും ഇന്ന് നടക്കും.വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മയുടെ അദ്ധ്യക്ഷതയിൽ ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ.വത്സരാജ് സുവനീർ പ്രകാശനം ചെയ്യും. ചിറക്കൽ കോവിലകത്തെ സി.കെ.രവീന്ദ്രവർമ്മ ഇളയരാജ ഏറ്റുവാങ്ങും രാത്രി 8 മണിക്ക് സൂര്യഗായത്രിയുടെ സൂര്യസംഗീതം

അരിയിൽ അബ്ദുൽ ഷുക്കൂർ രക്തസാക്ഷി അനുസ്മരണ
തളിപ്പറമ്പ: എംഎസ്എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂർ രക്തസാക്ഷി അനുസ്മരണ സമ്മേളനം 23 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം നാലിന് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും. കെ എം ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി, അഡ്വ.കെ. എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി കെ. സുബൈർ, ഫൈസൽ ചെറുകുന്നോൻ, ഷജീർ ഇഖ്ബാൽ, മഹമൂദ് അള്ളാംകുളം, സി .പി .വി അബ്ദുല്ല, പി മുഹമ്മദ് ഇഖ്ബാൽ, പി .സി. നസീർ, അലി മംഗര സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ വി .എ. ഇർഫാൻ, പി .കെ. ഉമ്മർ പെരുവണ, കെ .റാഷിദ്, സി .ബാസിത്, കെ. വി. അജ്മൽ എന്നിവർ പങ്കെടുത്തു.

ജഗന്നാഥ സവിധത്തിൽ ഭക്തജനപ്രവാഹം

തലശ്ശേരി. മഹോത്സവത്തിന്റെ അഞ്ചാം നാൾ പിന്നിട്ടപ്പോൾ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുംഅഭൂതപൂർവമായ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ദീപാരാധനക്കും, ഭഗവതി സേവക്കും വൻ തിരക്കാണ് അനുഭവപ്പെട്ടത് .

ശ്രീ നാരായണ ഗുരു ഋഷിവര്യനായ മഹാകവി എന്ന വിഷയത്തിൽ നടന്ന സാംസ്‌ക്കാരിക സമ്മേളനം കവി എസ്.രമേശൻ നായർ ഉൽഘാടനം ചെയ്തു.ആസിഫ് കെ.യൂസഫ് മുഖ്യാതിഥിയായി സന്ധ്യ വിജികുമാർ കോട്ടയം മുഖ്യ ഭാഷണം നടത്തി. ഡോ: ഭാസ്‌ക്കരൻകാരായി അദ്ധ്യക്ഷനായി. അഡ്വ.വി.രത്‌നാകരൻ സംസാരിച്ചു.കെ.കെ.പ്രേമൻ സ്വാഗതവും, സീത ടീച്ചർ നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് ചിലമ്പൊലി അവതരിപ്പിച്ച ഗോത്ര പെരുമ കലാപരിപാടികൾ അരങ്ങേറി. ഇന്ന് വൈകീട്ട് 7 മണിക്ക് അഡ്വ.കെ സത്യന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കെ.വി.മോഹനൻ കുമാർ ഉദ്ഘാടനം ചെയ്യും.അഡ്വ: സണ്ണി ജോസഫ് എം എൽ .എ.മുഖ്യാതിഥിയാവും.8 30 ന് മോതിരം വച്ച് തൊഴലും 9 മണിക്ക് എഴുന്നള്ളത്തും തുടർന്ന് കലാഭവൻ സതീഷ് നയിക്കുന്ന ഗാനമേളയുമുണ്ടാകും.