കാസർകോട്: കല്യോട്ടെ ഇരട്ടക്കൊലപാതകം വീണ്ടുവിചാരമില്ലാതെ ചിലർ നടത്തിയ പ്രവർത്തനമാണെന്നും, ഇത് ഇടതുപക്ഷത്തെ, വിശേഷിച്ച് സി.പി. എമ്മിനെ അപകീർത്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി. അത്യന്തം ഹീനമായ കൊലപാതകമാണ് കല്ല്യോട്ട് നടന്നത്. അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം സി.പി.എമ്മിനില്ല-
സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് വിദ്യാനഗറിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പിണറായി..
കേരളത്തിൽ മികച്ച ഭരണം കാഴ്ചവച്ച്, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കരുത്തു നേടിയ ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് അപകീർത്തിപ്പെടുത്താൻ കോൺഗ്രസിനും മറ്റും അവസരമുണ്ടാക്കിക്കൊടുത്തത് കല്യോട്ട് നടന്ന വകതിരിവില്ലാത്ത പ്രവൃത്തിയാണ്.
അതിനു ശേഷം അക്രമവും കൊള്ളയും നടത്തിയ കോൺഗ്രസുകാരുടെ ചെയ്തികളെ ആരും തള്ളിപ്പറഞ്ഞു കണ്ടില്ല. അതിലും കർശന നടപടിയുണ്ടാകും.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ പ്രവർത്തനമാരംഭിച്ച കാലംതൊട്ടേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിനെ ആക്രമിക്കുന്നവരെ ദൈവദൂതരായി ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിനെയെല്ലാം നേരിട്ടുതന്നെയാണ് ഈ പാർട്ടി വളർന്നത്. ഒരവസരം കിട്ടിയപ്പോൾ ഇപ്പോൾ ശരിയാക്കിത്തരാം എന്നു പറഞ്ഞാണ് ചിലർ നടക്കുന്നത്. അതുകൊണ്ടൊന്നും തകരുന്ന പ്രസ്ഥാനമല്ല സി.പി.എം എന്നേ അവരോട് പറയാനുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ മാദ്ധ്യമങ്ങൾക്കു നേരെ കടുത്ത വിമർശനം ചൊരിഞ്ഞ മുഖ്യമന്ത്രി, നിങ്ങളുടെ നാക്കിൻതുമ്പിലോ പേനത്തുമ്പിലോ നിലനിൽക്കുന്നതുമല്ല ഈ പ്രസ്ഥാനമെന്നും, ജനഹൃദയങ്ങളിലാണ് ഈ പാർട്ടിയുടെ സ്ഥാനമെന്നും പറഞ്ഞു. സമാധാനം നിലനിർത്തുന്നതിന് നാടും നാട്ടുകാരും ഒപ്പം നിൽക്കണം, അവരുടെ മുന്നിൽ തലകുനിച്ച് നമ്മൾ പറയും, എല്ലാവിധ അക്രമങ്ങളെയും നേരിട്ട് മുന്നോട്ടുപോകാമെന്ന്. പിണറായി വിജയൻ പറഞ്ഞു. പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ തുടങ്ങിയവരും പങ്കെടുത്തു.