കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിക്ക് കോൺഗ്രസ് ജില്ലാ ഘടകത്തിന്റെ എതിർപ്പു കാരണം സന്ദർശനം റദ്ദാക്കേണ്ടിവന്നു. തുടർന്ന്, കാസർകോട്ടു നിന്ന് കാഞ്ഞങ്ങാട്ടേക്കു പോയ മുഖ്യമന്ത്രിയുടെ കാറിനു നേരെ പൊയിനാച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്‌തു.
ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സി.പി. എം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനത്തിനു ശേഷം കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി കോൺഗ്രസ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.
മുഖ്യമന്ത്രിക്ക് വീടുകൾ സന്ദർശിക്കാൻ അധികാരമുള്ളതു പോലെ, പ്രവർത്തകർക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന നിലപാടായിരുന്നു കോൺഗ്രസ് നേതാക്കൾ. വിവരം സി.പി. എം നേതൃത്വം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയും, സന്ദർശനം ഒഴിവാക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയുമായിരുന്നു.
അതേസമയം, മുഖ്യമന്ത്രി വീട് സന്ദർശിക്കാതെ മടങ്ങിയതിൽ കൊല്ലപ്പെട്ട കൃപേഷിന്റെ അച്‌ഛൻ കൃഷ്ണൻ അതൃപ്‌തി അറിയിച്ചു. പിണറായി വീട്ടിലെത്തുമ്പോൾ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത രണ്ടു പരിപാടികൾക്കും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.