കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. അക്രമാസക്തരായ പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡുകൾ തകർത്തെറിഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹക്കീം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിലക്കിയെങ്കിലും അവരുടെ വാക്കുകൾ വിലവെക്കാതെയാണ് സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനു പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞത്. പൊലീസ് ഉയർത്തിയ ബാരിക്കേഡുകൾ നാലും പൊലീസിന്റെ പ്രതിരോധത്തെ പോലും വെല്ലുവിളിച്ച് തകർക്കുകയായിരുന്നു. ഒടുവിൽ പൊലീസിനു മറയായി കോൺഗ്രസ് നേതാക്കൾ നിലയുറപ്പിക്കുകയായിരുന്നു. ജലപീരങ്കി ഉൾപ്പെടെ സജ്ജമാക്കിയിരുന്നുവെങ്കിലും പൊലീസ് തികച്ചും സംയമനം പാലിക്കുകയായിരുന്നു. ബാരിക്കേഡ് തകർത്തിട്ടും കലിയടങ്ങാത്ത പ്രവർത്തകർ പൊലീസിനു നേരെ പാഞ്ഞടുത്തപ്പോഴാണ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, പി.എ അഷ്റഫലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ എന്നിവർ പൊലീസിനു മുന്നിലായി അണിനിരന്ന് പ്രവർത്തകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. തുടർന്നും ഏറെ നേരം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രവർത്തകർ ശാന്തരായത്.

നേരത്തെ നോർത്ത് കോട്ടച്ചേരിയിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, നേതാക്കളായ എം. സുബ്ബയ്യറായ്, പി.വി സുരേഷ്, വി.ആർ വിദ്യാസാഗർ, മാമുനി വിജയൻ, ധന്യാ സുരേഷ്, അഡ്വ. കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ, എം. അസിനാർ, സി.വി ജയിംസ്, ഗീതാകൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.