കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് 10 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയുൾപ്പെടെ നാല് പേരെ ടൗൺ എസ് .ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു.ആദികടലായി സ്വദേശി കെ കെ സബീഹ് (22), ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കെ. സിജിത്ത് (28), ടി .ഉമേഷ് (29), കതിരൂർ വേറ്റുമ്മലിലെ ആർ. ഷബീർ (32) എന്നിവരെയാണ് ഇന്നലെ രാവിലെ ഡി വൈ .എസ് .പി കെ .വി വേണുഗോപാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് ബംഗലൂരു വഴി ബസ് മാർഗ്ഗം കണ്ണൂരിലെത്തിയപ്പോഴാണ് മൂന്ന് ബാഗ് നിറയെ കഞ്ചാവുമായി ഇവർ പിടിയിലായത്. മൂന്ന് ദിവസം മുമ്പാണത്രെ ഇവർ കഞ്ചാവിനായി ആന്ധ്രയിലേക്ക് പോയത്. പ്രതികളിൽ സബീഹും ഷബീറും നേരത്തെ കഞ്ചാവ് കേസിൽ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എ .എസ് .ഐമാരായ മഹിജൻ, രാജീവൻ, ഉദ്യോഗസ്ഥരായ സുഭാഷ്, അജിത്ത്, മിഥുൻ, മഹേഷ് എന്നിവരുമുണ്ടായിരുന്നു.