kasargod-murder

 ഇനിയുള്ള മൂന്നു പേർ തൊടാനാകാത്ത വിധം പ്രമുഖർ

കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കെല കേസിൽ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ മൂന്നുപേർ കൂടി. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം, നേരത്തേ അറസ്റ്റിലായ ഏഴു പേർ ഉൾപ്പെടെ പത്തായി. പ്രതി ചേർക്കപ്പെട്ട മൂവരും കല്യോട്ട് മേഖലയിലെ പ്രധാനികളായ സി.പി.എം അംഗങ്ങളാണെന്നാണ് വിവരം.കൃത്യത്തിൽ നേരിട്ടു പങ്കെടുക്കാതിരുന്ന ഇവരാണ് കൊലയ്‌ക്കു പദ്ധതി തയ്യാറാക്കിയതെന്നാണ് കരുതുന്നത്.

ഇന്നലെ കാസർകോട്ട് എത്തിയ മുഖ്യമന്ത്രി, കൊലപാതകത്തെ ഹീനമെന്നും വകതിരിവില്ലാത്ത പ്രവൃത്തിയെന്നും അപലപിക്കുകയും, പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്തെങ്കിലും അന്വേഷണം പ്രാദേശിക തലത്തിനും മുകളിലേക്ക് എത്താതിരിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.

കാസർകോട്ട്, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ എത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദ‌ർശിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വവുമായി സി.പി.എം നേതാക്കൾ സംസാരിച്ചപ്പോൾ പ്രവർത്തകരുടെ പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാവില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൂടി നിർദ്ദേശം മാനിച്ച് സന്ദ‌ർശനം മാറ്റിയത്.

കേസന്വേഷണം ആദ്യം ഏറ്റെടുത്ത ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം പ്രദീപ്കുമാറും സംഘവും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പെടെ പത്തു പേരുടെ പട്ടിക രണ്ടു ദിവസത്തിനകം തന്നെ തയ്യാറാക്കിയിരുന്നു. ആദ്യം അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ ചോദ്യംചെയ്യലിനിടെ നൽകിയ മൊഴി അടിസ്ഥാനമാക്കിയായിരുന്നു ഇത്. ഇനിയും പിടികൂടാനുള്ള മൂന്നു പേർ, പൊലീസിന് അടുക്കാനാവാത്ത വിധം സ്വാധീനശക്തിയുള്ളവരായതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് റിപ്പോർട്ട്.

കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ഒരാഴ്ച കഴിഞ്ഞു മാത്രമേ അന്വേഷണം തുടങ്ങാൻ സാങ്കേതികമായി കഴിയൂ. കോടതി ഏഴു ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അറസ്റ്റുചെയ്ത് ഹാജരാക്കിയ പൊലീസ് ഓഫീസർ തന്നെ പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കണമെന്നാണ് നിയമം. അതിനു ശേഷമാകും പുതിയ ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കുക.

അതിനിടെ, പ്രതികളുമായി ഇന്നലെ അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ കൊലയ്‌ക്ക് ഉപയോഗിച്ച പ്രധാന ആയുധമായ വടിവാളും മറ്റു രണ്ട് വാളുകളും, പ്രതികളിൽ ഒരാളുടെ ഷർട്ടും, മറ്റു പ്രതികൾ കത്തിച്ചുകളയാൻ ശ്രമിച്ച വസ്ത്രങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തി.