തളിപ്പറമ്പ്: ബക്കളത്ത് ദളിത് സ്ത്രീയുടെ വീട് കത്തിച്ച സംഭവത്തിൽ അയൽവാസികളായ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ബക്കളം പൂതപ്പാറയിലെ കൊയിലേരിയൻ നാരായണിയുടെ വീട് നശിപ്പിച്ച അന്തിക്കാട്ടുപറമ്പിൽ വിജേഷ്, മാടവളപ്പിൽ ദിൽജിത്ത് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇന്നലെ പുലർച്ചെ 4.30 നായിരുന്നു സംഭവം. നാരായണിയുടെ വീട്ടുപറമ്പിൽ ആടുകൾക്കായി നിർമ്മിച്ച ആലക്കും വിറക്പുരക്കും അക്രമികൾ തീവെക്കുകയായിരുന്നു. ഇവ പ്ലാസ്റ്റിക്കും ഓടും മേഞ്ഞതായതിനാൽ പെട്ടെന്ന് തീ തൊട്ടടുത്ത വീട്ടിലേക്കും പടർന്നു. നാരായണിയുടെ വീടിന്റെ ജനൽച്ചില്ല് പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് തീ അണച്ചത്. ആടുകൾക്ക് പൊള്ളലേറ്റു. പൂതപ്പാറ താഴെ ഭാഗത്തെ ഈ വീട്ടിൽ നാരായണി തനിച്ചാണ് താമസം.