കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോൺഗ്രസ് വെറുതേയിരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി അടുത്തദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കാസർകോട് ഡി.സി.സി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സി.പി.എമ്മിനെ കെ.സുധാകരൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
രണ്ടാളെ പാർട്ടിക്കാർ വെട്ടിക്കൊന്നതിനു ശേഷം ഉപദേശിയുടെ റോൾ അഭിനയിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. മുഖം നന്നാവാതെ കണ്ണാടി പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ. പ്രതികളെ സഹായിക്കില്ലെന്ന് കോടിയേരിയും പിണറായിയും പറഞ്ഞിട്ട് കാസർകോട്ടെ എം.പിയും എം.എൽ.എയും എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടിൽ പോയത്.
ഞങ്ങളുടെ രണ്ടു പ്രവർത്തകരെ വെട്ടിനുറുക്കിയതിന് ഉന്നതർ പലരും ഒത്താശ ചെയ്തിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരുംവരെ ഞങ്ങൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. പ്രൊഫഷണൽ കില്ലർമാരെ ഉപയോഗിച്ചാണ് കൊലകൾ നടത്തിയതെന്ന് പകൽപോലെ വ്യക്തമാണ്. ഷുഹൈബിന്റെ ശരീരത്തിലെ വെട്ടിനും ശരത്തിന്റെയും കൃപേഷിന്റെയും ശരീരത്തിലെ വെട്ടുകൾക്കും സാമ്യമുണ്ട്. ഷുഹൈബിന്റെ കൊലയാളി സംഘത്തിൽപ്പെട്ട ഒരാൾ കല്യോട്ട് കൊലപാതകത്തിലും പങ്കാളിയാണ്. അറസ്റ്റിലായ പ്രതികളെല്ലാം കൊലപാതകത്തിന് സഹായിച്ചവരും വഴി കാണിച്ചുകൊടുത്തവരുമാണ്. വെട്ടിയവരും കൊല്ലിച്ചവരും ഇപ്പോഴും പുറത്താണ്. പീതാംബരനാണ് വെട്ടിക്കൊന്നതെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. ഭീഷണി ഉണ്ടായപ്പോൾ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ രണ്ടുപേരും ജീവിച്ചിരുന്നേനെയെന്നും കെ. സുധാകരൻ പറഞ്ഞു
.