കാഞ്ഞങ്ങാട്: ജില്ല നിലവിൽ വന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മൃഗസംരക്ഷണ വകുപ്പിലെ പ്രധാനപ്പെട്ട ആശുപത്രി ഇനിയും യാഥാർത്ഥ്യമായില്ല. സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലും പോളി ക്ലിനിക്കുകൾ പ്രവർത്തിക്കുമ്പോഴാണ് കാസർകോട് ജില്ലക്കാർക്ക് ഈ ആവശ്യത്തിനായി കണ്ണൂരിലേക്ക് പോകേണ്ടി വരുന്നത്.
പോളി ക്ലിനിക്ക് വന്നാൽ സീനിയർ വെറ്ററിനറി സർജൻ ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെയും ലബോറട്ടറിയും വാഹനങ്ങളും രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും അറ്റന്റർമാരും ഉൾപ്പെടെയുള്ളവരുടെ സേവനം ലഭിക്കും. ജില്ലയിൽ ഇപ്പോൾ ജില്ല ആസ്ഥാനത്ത് മൃഗാശുപത്രിയും പഞ്ചായത്ത് തലത്തിൽ വെറ്ററിനറി ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. 38 വെറ്ററിനറി സർജൻമാർ വേണ്ടിടത്ത് 35 പേരുടെ സേവനമേ നിലവിൽ ലഭിക്കുന്നുള്ളൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ മോഹൻ ജോസഫ് പറയുന്നു. പോളി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചിരുന്നുവെങ്കിൽ കർഷകർക്ക് ഏറെ മെച്ചപ്പെട്ട സൗകര്യം ലഭിക്കുമായിരുന്നു. സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന തെരുവുനായ വന്ധ്യംകരണപദ്ധതിയും സമയബന്ധിതമായിത്തന്നെ പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും ഡി.ഡി വ്യക്തമാക്കുന്നു.
കന്നുകാലി സെൻസസ് മാർച്ച് 1 ന് തുടങ്ങും.
കാഞ്ഞങ്ങാട്: ഇരുപതാമത് കന്നുകാലി സെൻസസ് മാർച്ച് 1 മുതൽ മേയ് 31 വരെ സംസ്ഥാനത്ത് നടക്കും.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം മാർച്ച് 2 ന് രാവിലെ 9 ന് റവന്യൂ മന്ത്രിയുടെ വീട്ടിൽ നടക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. വി.വി പ്രദീപ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മോഹൻ ജോസഫ്, ഡോ. പി.ജി ഉണ്ണി എന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു. കന്നുകാലികൾക്ക് പുറമെ എട്ടുതരം കോഴി വർഗ്ഗങ്ങളുടെ ബ്രീഡ്, പ്രായം, ഉപയോഗം, ഉപയോഗത്തിന്റെ വിവരങ്ങൾ, കശാപ്പുശാലകളുടെ വിവരങ്ങൾ, അലഞ്ഞു തിരിയുന്ന നായകളുടെ എണ്ണം ,കൈവശഭൂമി ,വാർഷിക വരുമാനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. ജില്ലയിൽ 106 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയാണ് സർവേക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 44 വെറ്ററിനറി സർജൻമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സർവ്വേ നടത്തുന്നവർക്കുള്ള പരിശീലനം 27,28 തീയ്യതികളിൽ കാഞ്ഞങ്ങാട് റീജിയണൽ എ.ചഎച്ച് സെന്ററിൽ നടക്കും. വാർത്താ സമ്മേളനത്തിൽ ഡോ. ചന്ദ്രബാബു, രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു.