crab-

പട്ടുവം: സിംഗപ്പൂരിലേക്ക് കയറ്റിയയക്കുന്ന പട്ടാളപച്ച നിറമുള്ള ഞണ്ടുകൾക്ക് വൻഡിമാൻഡ്. കടത്തുകാർ എക്‌സൽ എന്ന കോഡിൽ വിളിക്കുന്ന ഞണ്ടിന്റെ വില രണ്ടായിരം രൂപയാണിപ്പോൾ. സാധാരണ നിലയിൽ ഇരുന്നൂറ് രൂപ വരെ കൊടുത്ത് ആവശ്യക്കാർ വാങ്ങുന്ന ഈ ഇനത്തിന് എണ്ണൂറുമുതലാണ് വില തുടങ്ങുന്നത് തന്നെ.

കറി ആവശ്യത്തിന് പിടിക്കുന്ന ഞണ്ടുപോലും വിലമോഹിച്ച് സ്റ്റാളിൽ നൽകി പണവും വാങ്ങി പോകുകയാണ് പലരും.പട്ടുവത്ത് നാടൻ പണിക്ക് പോകുന്നവർ പോലും തൊഴിലുപേക്ഷിച്ച് ഞണ്ടുപിടിത്തക്കാരായിരിക്കുകയാണ് . നെറ്റ് ഘടിപ്പിച്ച ഒരു ഇരുമ്പുറിങ്ങും താഴാതിരിക്കാൻ ഒരു പ്‌ളാസ്റ്റിക് കാനും

കെട്ടി വെള്ളത്തിലിട്ടാൽ ഞണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം റെഡി. ഞണ്ടിനെ ആകർഷിക്കാൻ ചിക്കൻ സ്റ്റാളിൽ നിന്നും ശേഖരിക്കുന്ന കോഴിക്കാലുകൾ നെറ്റിലിടും. പിന്നെ ഒന്നുവീട്ടിലൊക്കെ പോയി വരാനുള്ള സമയമുണ്ട്. വെയിൽ കൊള്ളേണ്ടതില്ല,മെയ്യനങ്ങേണ്ടതുമില്ല. ഒരു കിലോ ഞണ്ട് കിട്ടിയാൽ സംഗതി കുശാൽ. മൂന്ന് കിലോ വരെ തൂക്കമുള്ള ഞണ്ടുകളെ കിട്ടിയിട്ടുണ്ടെന്ന് വർഷങ്ങളായി ഈ ജോലി ചെയ്യുന്ന കോട്ടക്കീൽ കടവത്തെ സുധാകരൻ പറയുന്നു.നേരത്തെ പെൺഞണ്ടുകൾക്കായിരുന്നു വൻഡിമാൻഡ്. വില കൂടിയതോടെ ആണും പെണ്ണുമായി തരംതിരിക്കലൊക്കെ ഒഴിവാക്കി. മുക്കാൽ കിലോ തൊട്ട് ഒന്നുവരെയുള്ള ഞണ്ടുകളെ ബിഗ് എന്ന വിഭാഗത്തിലാണ് കച്ചവടക്കാർ എടുക്കുന്നത്. ഒന്നുമുതൽ എക്‌സൽ.ഒന്നരകിലോയ്ക്ക് മുകളിലുള്ളവയെ ഡബിൾ എക്‌സൽ ഇനമായും പരിഗണിക്കുന്നു.പുറംതോടുറക്കാത്തവയെ മഡ് എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്. കാലിൽ ഒന്നിന് വലിപ്പം കുറവാണെങ്കിലോ ഒറ്റക്കാലനാണെങ്കിലോ എത്ര തൂക്കമുണ്ടെങ്കിലും ഞണ്ട് ബിഗ് ഇനത്തിലേക്ക് തള്ളപ്പെടും.