കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം കമ്മിറ്റി എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജ്ജിലും വനിതാ പ്രവർത്തകരുൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. യൂത്ത്‌കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൽ റഷീദ്, ഡി.സി.സി സെക്രട്ടറി രജിത് നാറാത്ത്, സുധീപ് ജയിംസ്, ജൂബിലി ചാക്കോ, ഷിനു പ്രമോദ്, മുഹ്‌സിൻ, ഫർഹാൻ മുേണ്ടരി, വി.കെ ആദർശ് തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.പി ഓഫിസിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകരെ ജില്ല പഞ്ചായത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തതിനു ശേഷമായിരുന്നു സംഘർഷം. ഉദ്ഘാടന ശേഷം പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ഏറെ നേരം ശ്രമിച്ചു. പൊലിസുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഏറെ നേരമായിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി ഉപയോഗിച്ചതിനൊപ്പം പൊലിസ് ഇരുവശത്തു നിന്നും ലാത്തിച്ചാർജ്ജ് നടത്തി. പിന്നീട് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊലിസ് അകാരണമായി മർദ്ദിച്ചുവെന്നു കാണിച്ച് ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത് സ്റ്റേഷനിൽ നിരാഹാരം സമരം നടത്തി. എന്നാൽ അവശനായ രജിത്തിനെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ, സി.ഐമാരായ സി.പി സുഭാഷ്, കെ. കൃഷ്ണൻ, എസ്.ഐ ശ്രീജിത് കോടേരി എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് മാർച്ച് തടഞ്ഞത്.