kasarkode-peria-murder
kasarkode peria murder

കാസർകോട്: കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ കോൺഗ്രസ് അതിക്രമത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നു.

പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിലുള്ള സി.പി.എം സംഘം പെരിയ കല്യോട്ട് ജംഗ്ഷനിൽ എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ കടുത്തപ്രതിഷേധവുമായി രംഗത്തെത്തിയത്. നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ ആഞ്ഞടുക്കുകയായിരുന്നു. പ്രതിഷേധിച്ച് റോഡിന് കുറുകെ കിടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം നേതാക്കളെ ചിലർ അസഭ്യം പറഞ്ഞു.

പ്രതിഷേധം വകവയ്‌ക്കാതെ സി.പി.എം സംഘം തകർന്ന വീടുകളും സ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും സന്ദർശിച്ച ശേഷം മടങ്ങി
സന്ദർശനം തടയരുതെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട പൊലീസുകാരോട് പിരിഞ്ഞുപോകില്ലെന്ന് ഉറച്ചസ്വരത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

''എന്തുസമാധാനം ഉണ്ടാക്കാനാണ് ഇങ്ങോട്ടുവരുന്നത്...എന്തുചെയ്താലും ഞങ്ങടെ മക്കളെ ഇനി തിരിച്ചു കിട്ടുമോ...രണ്ടു ജീവനെടുത്തതല്ലേ. ഇനിയെന്തിനാണ് വീണ്ടും വരുന്നത്, ഞങ്ങളെ മക്കടെ കുഴി മാന്താനോ, ഞങ്ങളെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നത്'' സ്ത്രീകൾ ആർത്തലച്ച് വിളിച്ചു ചോദിച്ചു.

'കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടത്. ഞങ്ങൾക്ക് ഇനിയും മക്കളുണ്ട്. അവർക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും' സ്ത്രീകൾ ഉച്ചത്തിൽ ആക്രോശിച്ച് ചോദിച്ചു.

അതിനിടെ സി.പി.എം സംഘത്തിനെതിരെ ചാടിയടുത്ത ഒരാൾ 'ആ കെ.വി കുഞ്ഞിരാമനാണ് നമ്മളെ കുട്ടികളെ കൊന്നത് ഓൻ അങ്ങോട്ട് പോകണ്ടാ ..' എന്ന് ആക്രോശിച്ച് മുന്നോട്ടുകുതിച്ചു. പൊലീസ് വലയം തീർത്ത് കോൺഗ്രസ് പ്രവർത്തകനെ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.

കോൺഗ്രസിന്റെ ശക്തിമേഖലയായ പ്രദേശത്ത് പ്രതിഷേധത്തിനിടയിൽ പി. കരുണാകരൻ എം.പിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. എം.പിയുടെ നേർക്കു കുതിച്ചുചാടിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

സി.പി.എം നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് ഡിവൈ. എസ്.പിമാരായ സജീവൻ, ഹരിശ്ചന്ദ്ര നായക്ക് എന്നിവരും 200 ഓളം പൊലീസുകാരും കല്യോട്ട് ഉണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് സി പി എം നേതാക്കൾ സന്ദർശനം പൂർത്തിയാക്കിയത്.
കല്യോട്ട് ജംഗ്ഷനിലെ സി.പി.എം അനുഭാവിയുടെ വീടാണ് ആദ്യം സന്ദർശിച്ചത്. അതിനുശേഷം ശാസ്താ ഗംഗാധരന്റെ വീട്ടിൽ എത്തിയ ശേഷം തിരിച്ചു കല്യോട്ട് എത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.

പി. കരുണാകരൻ എം പി , എം.എൽ.എ മാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ്‌മോഹനൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.