ക്രൈംബ്രാഞ്ച് അന്വേഷണം
നാളെ തുടങ്ങിയേക്കും
കാസർകോട്: കല്യോട്ട് ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് നാളെ അന്വേഷണം തുടങ്ങിയേക്കും. അന്വേഷണ ചുമതലയുള്ള എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൽ റഫീഖ് ഇന്നലെ രാത്രിയോടെ കാസർകോട്ടെത്തി. അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങൾ വെള്ളിയാഴ്ച തന്നെ എത്തിയിരുന്നു.
കേസിൽ മുഖ്യപ്രതിയായ എ. പീതാംബരന്റെ പോലീസ് കസ്റ്റഡി നാളെയാണ് തീരുക. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. തുടർന്നായിരിക്കും അന്വേഷണം സാങ്കേതികമായി ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. എത്രയും വേഗം അന്വേഷണം തുടങ്ങാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടു ദിവസം നേരത്തേ എത്തിയത്. മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അടുത്തയാഴ്ചയോടെയേ എത്തിയേക്കൂ.
കേസിനു പിന്നിലെ കണ്ണൂർ ബന്ധമായിരിക്കും ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക. കൊല നടന്ന ദിവസം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസിൽ പ്രതികളായ രണ്ടുപേർ കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിനു ശേഷം ഇവർ അപ്രത്യക്ഷരാണ്.
കൊല നടന്ന 17ന് രാത്രി 9.55 ന് കറുത്ത കാർ രാവണീശ്വരം വഴി ദേശീയപാതയിലെത്തി അതിവേഗം ഓടിച്ചുപോയത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ വാഹനവും കല്യോട്ട് എത്തിയ ജീപ്പും സൈലോ കാറും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ സംശയകരമായി കണ്ടത് നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.