കേളകം: ആറളം വന്യജീവി സങ്കേതത്തിനടുത്ത് വളയഞ്ചാലിൽ നാലംഗ കുടുംബത്തിന് നേരേ കാട്ടാന ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടെ ആറളം സ്വദേശി ഷിനുവിന് പരിക്കേറ്റു. വളയഞ്ചാൽ തൂക്കുപാലത്തിൽ നിന്നും താഴെ പുഴയിലേക്ക് വീണാണ് പരിക്കേറ്റത്. കാട്ടാന പാലം ഇളക്കിയതിനെത്തുടർന്നാണ് സംഭവം. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരായ പി.ടി. കൃഷ്ണൻ-ഷൈല ദമ്പതികളുടെ മകളാണ് ഷിനു. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വളയഞ്ചാൽ പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കൃഷ്ണന്റെ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. അടക്കാത്തോട് ഭാഗത്തു നിന്നും ജനവാസ മേഖലയിലൂടെ വളയംചാലിൽ എത്തിയ ആനയാണ് ആക്രമണം നടത്തിയത്. പുഴയിലേക്കുള്ള വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ ഷിനുവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ആനമതിൽ ചാടിക്കടന്ന് തിരികെ പോയി.