പഴയങ്ങാടി/പെരിങ്ങോം:ജൈവവൈവിധ്യകേന്ദ്രമായ മാടായിപ്പാറയിലും നിലിരിങ്ങയിലുമായി ഇന്നലെയുണ്ടായ വൻ തീപിടിത്തത്തിൽ ഏക്കർ കണക്കിന് ഭാഗം കത്തിനശിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് മാടായികോട്ടയുടെ പരിസരത്തും പെരിങ്ങോം നിലിരിങ്ങയിൽ സ്വകാര്യവ്യക്തിയുടെ രണ്ടരയേക്കർ പറമ്പും കത്തിനശിച്ചത്. മാടായിപ്പാറയിൽ ഏക്കർകണക്കിന് പുൽമേട് അഗ്‌നി വിഴുങ്ങി.ഒപ്പം അപൂർവങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി. പയ്യന്നൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും ഏക്കറ് കണക്കിന് പ്രദേശത്തെ ജൈവ വൈവിധ്യങ്ങൾ കത്തിച്ചാമ്പലായിരുന്നു.
പെരിങ്ങോം നീലിരിങ്ങയിൽ വെള്ളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്. നിരവധി കാട്ടുമരങ്ങളും കുറ്റികാടുകളും കത്തിനശിച്ചു. പെരിങ്ങോം ഫയർ സർവീസിലെ സ്റ്റേഷൻ ഓഫിസർ കെ.എൻ.ശ്രീനാഥ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.വി. അശോകൻ, ലീഡിംഗ് ഫയർമാൻ ടി.കെ. സുനിൽകുമാർ എൻ. ടി.അശോകൻ, വി.അനുരൂപ് ,പി .പി. രാഹുൽ ,കെ.മനോജ് ,കെ. അരുൺ ,വി. സുജീഷ് , എം. ജയേഷ് കുമാർ ,പി .എം.ജോസഫ് , എ.ഗോപി ,പി .എം. മജീദ് ,എന്നിവരുടെനേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
തീപിടിത്തം പതിവാക്കി മാടായിപ്പാറ
വേനൽ ആരംഭിച്ചതോടെ മാടായിപ്പാറയിൽ അടുക്കിടെ തീപിടുത്തം ഉണ്ടാകുന്നുണ്ട് .നേരത്തെ മാടായിപാറയിലെ തവരതടം പ്രദേശത്തും മാടായിക്കാവ്‌ക്ഷേത്രംറോഡിനു സമീപവും വടുകുന്ദക്ഷേത്രപരിസരത്തും എല്ലാം തീപിടുത്തം ഉണ്ടായിരുന്നു.മാടായിപ്പാറയുടെ സമീപത്ത് അഗ്‌നിശമനസേനയ്ക്ക്‌കേന്ദ്രം ഒരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്, എന്നാൽ അഗ്‌നിശമനസേനാകേന്ദ്രം ഒരുക്കാൻ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് തടസ്സമാകുന്നത്, പഴയങ്ങാടിയിൽ അഗ്‌നിശമനസേനാകേന്ദ്രം ഉണ്ടായാൽ മാടായിപ്പാറയിലെ ജൈവവൈവിധ്യങ്ങൾ ഓരോ വർഷവും തീ പിടിക്കുന്നത് തടയാൻ സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.