കാസർകോട്:കാസർകോട് ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോൺഗ്രസും ഹൈക്കോടതിയിൽ പോയാൽ സർക്കാർ എതിർക്കുമെന്ന് സൂചനകൾ. കാസർകോട്ടെ സി.പി. എം നേതൃത്വത്തിനും സി.ബി.ഐ അന്വേഷണത്തിൽ താല്പര്യമില്ല.
യഥാർത്ഥ പ്രതികളെ കൃത്യമായ തെളിവുകളോടെ പൊലീസ് അറസ്റ്റുചെയ്‌തെന്നാണ് സി.പി.എം നിലപാട്. യു.ഡി.എഫും കോൺഗ്രസും ആരോപിക്കുന്നത് ഊഹാപോഹങ്ങളാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ തങ്ങളുടെ നേതാക്കളെ അപകീർത്തിപ്പെടുത്തുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. അതേസമയം സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയിൽ എത്തിയാൽ സർക്കാർ നിലപാട് എന്താവുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് മുതിർന്ന സി.പി.എം നേതാവ് പ്രതികരിച്ചത്.
ലോക്കൽ പൊലീസിലെ ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്യുന്ന നിർണായക ഘട്ടത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മറികടക്കാനാണെന്നാണ് അറിയുന്നത്. ഹൈക്കോടതിയിൽ ഹർജി വന്നാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ക്രൈംബ്രാഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും സർക്കാർ അറിയിക്കും. ക്രൈംബ്രാഞ്ചിന്റെ കണ്ണൂർ റേഞ്ചിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി മലപ്പുറത്തെയും എറണാകുളത്തെയും ഉദ്യോഗസ്ഥരെ സംഘത്തിൽ നിയമിച്ചത് കോടതിയിൽ സർക്കാർ വാദത്തിന് ബലം കിട്ടാനാണെന്നും പൊലീസ് ഉന്നതർ വെളിപ്പെടുത്തുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ശരത്തിന്റെ പിതാവ് സത്യനാരായണനും ഇതേ നിലപാടാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, നേതാക്കളായ കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരും ഹൈക്കോടതിയിൽ പോകുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം നടന്നയുടൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തെന്നും ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാർ പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഹർജിയെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും സി.ബി.ഐ അന്വേഷണത്തെ എതിർക്കുക.