തൃക്കരിപ്പൂർ: തന്റെ പ്രസംഗം കാരണം കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബത്തിനും കോൺഗ്രസ് പ്രവർത്തകർക്കും ഉണ്ടായ മാനസിക വിഷമത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ഡോ. വി.പി.പി മുസ്തഫ രംഗത്തെത്തി.
ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുസ്തഫ ഖേദം പ്രകടിപ്പിച്ചത്. രണ്ടു സി.പി.എം പ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് കല്യോട്ടെ പ്രസംഗം നടന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പ്രസംഗത്തിലെ രണ്ടു വരികൾ മാത്രം അടർത്തിയെടുത്താണ് വിമർശിക്കുന്നതെന്നും പ്രസംഗത്തിനിടയിൽ ആലങ്കാരികമായി ഉപയോഗിച്ച വരികളാണ് അതെന്നും മുസ്തഫ പറഞ്ഞു. പ്രസംഗത്തെ തുടർന്ന്, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പേരു വെട്ടിയല്ലോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു ലിസ്റ്റിനെ കുറിച്ച് അറിയില്ലെന്നും ഇതൊക്കെ ആരുടെയൊക്കെയോ സൃഷ്ടിയാണെന്നും മുസ്തഫ പറഞ്ഞു.