കാസർകോട്: ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ഇന്ന് ഏറ്റെടുക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ 25 പേരുണ്ടാകുമെന്ന് അറിവായി. കൂടുതൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു കൊണ്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. ചിലപ്പോൾ ഇന്നുതന്നെ ഉത്തരവ് ഇറങ്ങാനും സാധ്യതയുണ്ട്. സി.ഐ, എസ്.ഐ സ്ഥലംമാറ്റ സമയമായതിനാലാണ് ഉത്തരവ് വൈകിയത്.
കാസർകോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും കാസർകോട് ജില്ലയിലെ ലോക്കൽ പൊലീസിലെ സമർത്ഥരായ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടുന്നതായിരിക്കും പുതിയ സംഘം. എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൽ റഫീഖ് നയിക്കുന്ന സംഘത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കാസർകോട് ക്രൈംബ്രാഞ്ചിൽ നിന്ന് സി.ഐ അബ്ദുൾ റഹീം, എസ്.ഐമാരായ പുരുഷോത്തമൻ, കൃഷ്ണകുമാർ, എ.എസ്.ഐ ഫിറോസ്, കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.ഐ തുടങ്ങിയവർ അടങ്ങുന്നതാണ് പുതിയ സംഘമെന്നാണ് അറിയുന്നത്.
കാസർകോട്ട് എത്തിയ എസ്.പിയുടെ അന്വേഷണ സംഘം ഇന്നലെ മുഴുവൻ കേസിന്റെ വിശദവിവരങ്ങൾ മുൻ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന്, മുഖ്യപ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, ഡ്രൈവർ സജി ജോർജ് എന്നിവരെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. പ്രതികളെ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് പിന്നീട് കോടതിയെ സമീപിച്ചേക്കും.