കാസർകോട്: ഒളിയത്ത് പുഴയിൽ നിന്ന് അനധികൃതമായി മണൽ ഊറ്റുന്നതിനിടെ ആറ് തോണികൾ കുമ്പള പൊലീസ് പിടികൂടി നശിപ്പിച്ചു. യു.പി. സ്വദേശികളായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 പേർ പുഴയിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കുമ്പള എസ്.ഐ. ടി.വി. അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പുഴയിൽ നിന്ന് മണൽ എടുക്കുന്നതിനിടെയാണ് തോണികൾ പിടിച്ചത്. തോണികൾ പിന്നീട് ജെ.സി.ബി. ഉപയോഗിച്ച് തകർത്തു. ഒളിയത്ത് അനധികൃത മണൽ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി.


ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന

പരാതിയിൽ അധ്യാപകനെതിരെ കേസ്
കാസർകോട്: ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒന്നാം തരം വിദ്യാർത്ഥിക്ക് മർദ്ദനമേറ്റുവെന്ന പരാതിയിലാണ് അധ്യാപകനായ കർണ്ണാടക വിട്ള സ്വദേശി അബു ഷെമീറി (41) നെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് വന്ന കുട്ടിയുടെ ചുമലിലും കാലിലും അടിയേറ്റ പാടുകൾ കണ്ട വീട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി തന്നെ അധ്യാപകൻ മർദ്ദിച്ചതായി വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു. അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.