കണ്ണൂർ: വ്യാജ ഖാദി വിൽപ്പന തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയിലെ വ്യാജ ഖാദി വിൽപ്പന ഖാദി ബോർഡിന് നഷ്ടമുണ്ടാക്കുകയാണ്. ഖാദി തൊഴിലാളികൾക്ക് തൊഴിലും ന്യായമായ കൂലിയും നൽകി സംരക്ഷിക്കും. ജനങ്ങൾക്ക് ആവശ്യമുള്ള ഖാദി വസ്ത്രങ്ങൾ ഖാദി ബോർഡ് മാർക്കറ്റിലെത്തിക്കും. കൂടുതൽ ആളുകൾക്ക് തൊഴിലും ആനുകൂല്യങ്ങളും നൽകാൻ ബോർഡിനെ ശക്തിപ്പെടുത്തും. എന്റെ ഗ്രാമം തൊഴിൽ പദ്ധതി പ്രകാരം 1220 തൊഴിൽ അവസരങ്ങൾ ഈ വർഷം സൃഷ്ടിച്ചു. 393 സംഘങ്ങൾ ഉണ്ടാക്കി. 469 പുതിയ യൂണിറ്റുകൾ ആരംഭിച്ചു. 1440 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. തേൻ ശേഖരിച്ച് വിപണനം നടത്തുന്നതിനായി ഹണി ഹബ്ബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ്, ഖാദി ബോർഡ് അംഗം കെ. ധനഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.
പയ്യാമ്പലം-പാലക്കാട് സ്വാമി മഠം പാർക്ക്
പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു
കണ്ണൂർ: പുതുതായി നിർമ്മിക്കുന്ന പാലക്കാട് സ്വാമിമഠം പാർക്ക്, പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് എന്നിവയുടെ പ്രവൃത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ബീച്ച് ഗാർഡൻ, ഗസ്റ്റ് ഹൗസ് പാത്ത്‌വേ എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രകൃതിക്ക് കോട്ടംതട്ടാത്ത വിധത്തിലാണ് സ്വാമി മഠത്തിന് സമീപം പാർക്ക് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പിലാക്കുന്നതാണ് 90 ലക്ഷം രൂപയുടെ പദ്ധതി. ഇരിപ്പിടങ്ങൾ, ഓപ്പൺ എയർ തിയറ്റർ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, നടപ്പാത, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കും. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് നിർമ്മാണ ചുമതല.
ഒരു കോടിയോളം രൂപ ചെലവിലാണ് പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് നിർമിക്കുന്നത്. സിപ് ബൈക്ക്, റോപ്പ് സൈക്ലിംഗ്, വാലി ക്രോസിംഗ്, സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കും. ഇതിനു പുറമെ നടപ്പാത നിർമിക്കുന്നതോടൊപ്പം പാർക്ക് പുല്ല് വച്ചുപിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്യും.
ചടങ്ങിൽ മേയർ ഇ.പി. ലത അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി. മുഖ്യാതിഥിയായി. ജില്ലാ കളക്ടർ മീർ മുഹമ്മദലി, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കൗൺസിലർ ഇ. ബീന, എൻ. ഗംഗാധരൻ, സിൽക്ക് പ്രൊജക്ട് എൻജിനീയർ രജീഷ് രാധാകൃഷ്ണൻ, ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ്, മാനേജർ കെ. സജീവൻ സംസാരിച്ചു.