ചെറുവത്തൂർ: പിലിക്കോട് സി. കൃഷ്ണൻ നായർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ രാജശേഖരനെ അപകീർത്തിപെടുത്തിയെന്നാരോപിച്ചുകൊണ്ടു കെ.എസ്.ടി.എ നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നാഷണൽ സർവീസ് സ്‌കീമിൽ അംഗങ്ങളായ കുട്ടികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്ക് നഷ്ടപ്പെടുന്നതിൽ പ്രിൻസിപ്പാൾ ഗുരുതരമായ അനാസ്ഥ കാണിച്ചു എന്നാരോപണം ഉയർത്തിയതിനെതിരേയാണ് കേസ് ഫയൽ ചെയ്തത്. കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാളിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യക്തിവിരോധം തീർക്കാനും വിദ്യാലയത്തിന്റെ സൽപേരിന് കളങ്കം വരുത്താനുമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് കേസ് ഫയൽ ചെയ്തത്. സ്‌കൂൾ പി.ടി.എ.യും സ്റ്റാഫ് കൗൺസിലും പ്രിൻസിപ്പാളിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസ്സാക്കിയിരുന്നു
കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ സെക്രട്ടറി പി. മാധവൻ, പ്രസിഡന്റ് സി.വി.രവീന്ദ്രൻ എന്നിവർക്കെതിരെയാണ് കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ അഡ്വ. കെ.രാജീവൻ മുഖേന നോട്ടീസ് അയച്ചത്.
തനിക്കും കുടുംബത്തിനും അപകീർത്തി ഉണ്ടാക്കുന്ന വാർത്തകൾ പിൻവലിച്ച് മുഖ്യ മാധ്യമങ്ങളിൽ മുൻ പേജിൽ ഖേദപ്രകടനം നടത്തുകയും അൻപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് രാജശേഖരൻ ആവശ്യപ്പെട്ടിരിക്കുന്നത്



മതകാര്യങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടരുത്: കെ.പി. ശശികല
കാസർകോട്: നൂറ്റാണ്ടുകളായി പിന്തുടർന്ന് വരുന്ന ക്ഷേത്രാചാരങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. കുണ്ടംകുഴിയിൽ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹിന്ദു ധർമ്മ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇരവിൽ കേശവ വാഴുന്നവർ, ഇരവിൽ പത്മനാഭ തന്ത്രി, ഇരവിൽ കൃഷ്ണദാസ് വാഴുന്നവർ എന്നിവർ ദീപപ്രോജ്വലനം നടത്തി. ശ്രീ ശങ്കരം ധർമ്മ പഠന കേന്ദ്രം സ്വാമി ബോധചൈതന്യ, ചിന്മയാമിഷൻ സ്വാമി തത്വാനന്ദ, കൊപ്പൽ ചന്ദ്രശേഖരൻ, എ.സുകുമാരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഗിരിധർ റാവു അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എസ്.പി.ഷാജി സ്വാഗതവും സ്വാഗതസംഘം കൺവീനർ ചന്ദ്രൻ ചരളിൽ നന്ദിയും പറഞ്ഞു.