ന്യൂമാഹി: സംസ്ഥാനത്ത് ജലഗതാഗതം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മയ്യഴിപ്പുഴയിൽ ബോട്ട് ജെട്ടി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടസങ്ങൾ നീക്കി പാത ഉടനെ യാഥാർത്ഥ്യമാക്കും. പെരിങ്ങത്തൂർ മുതൽ ന്യൂമാഹി വരെയുള്ള ആറ് ബോട്ട് ജെട്ടികളുടെ പ്രവൃത്തി ഉടനെ തുടങ്ങും. നിർമ്മാണം പൂർത്തിയാകുന്നതോടെ മൂരാടുമായി ജലഗതാഗതം ബന്ധിപ്പിക്കും. ന്യൂമാഹിയിലെ ബോട്ട് ജെട്ടി 18 മാസം കൊണ്ട് പൂർത്തിയാകും. ന്യൂമാഹി (പെരിങ്ങാടി), പാത്തിക്കൽ, കക്കടവ്, മോന്താൽ, കരിയാട്, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നത്. ടൂറിസം വികസന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻ ലാൻഡ് നാവിഗേഷൻ വകുപ്പ് മലനാട് നോർത്ത് മലബാർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ് ബോട്ട് ജെട്ടിയുടെ നിർമ്മാണം. ഇന്നലെ രാവിലെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നചടങ്ങിൽ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.
ഇൻലാൻഡ് നാവിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ കെ. നന്ദനൻ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.ആർ. സുശീല, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രദീപ് പുതുക്കുടി, സി. ഹരീന്ദ്രൻ, വാർഡംഗം പി.പി. ഹസീന, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. അനിൽകുമാർ, വി.കെ. സുരേഷ് ബാബു, കെ.കെ. ബഷീർ, എൻ.കെ. പ്രേമൻ, സി. വാസുദേവൻ, അനീഷ് കൊളവട്ടത്ത്, ഇൻലാന്റ് നാവിഗേഷൻ അസി. എക്‌സി. എൻജിനിയർ പി.കെ. ബിജു, പഞ്ചായത്ത് സെക്രട്ടറി പി.കെ. സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.