കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി എ. പീതാംബരൻ ഇന്നലെ കോടതിയിൽ തകിടം മറിഞ്ഞു. 'എനിക്ക് ഒന്നും അറിയില്ല, ഞാൻ ആരെയും കൊല്ലാൻ പോയിട്ടില്ല, പൊലീസുകാർ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണ്...' സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗമായ പീതാംബരൻ കോടതിയിൽ പറഞ്ഞു. കേസിൽ പൊലീസ് മുഖ്യപ്രതിയായി ചേർത്തിട്ടുള്ളത് പീതാംബരനെയാണ്.
ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഇന്നലെ ഉച്ചയോടെ ഹാജരാക്കിയപ്പോഴാണ് മൊഴി മാറ്റിയത്. കഞ്ചാവു ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരൻ അറസ്റ്റിലായപ്പോൾ പൊലീസിൽ മൊഴി നൽകിയിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവു ലഹരിയിൽ കൊന്നെന്നു പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ഭാര്യ പ്രതികരിക്കുകയും ചെയ്തിരുന്നു.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പീതാംബരനെയും മറ്റൊരു പ്രതിയായ ഡ്രൈവർ സജി ജോർജിനെയും കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാകാനിരിക്കെ, എനിക്കൊരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് പീതാംബരൻ മജിസ്‌ട്രേട്ടിനോട് പറഞ്ഞു. എന്തെങ്കിലും രീതിയിലുള്ള അസുഖം ഉണ്ടോ എന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോൾ ഇല്ല ഷുഗർ മാത്രമാണുള്ളതെന്നു പറഞ്ഞ ശേഷമാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്.
സജി ജോർജിനോട് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് അയച്ചു.
കോടതിയിൽ നിന്ന് പുറത്തിറങ്ങിയ പീതാംബരൻ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരക്ഷരം ഉത്തരം പറയാതെയാണ് ജീപ്പിൽ കയറി പോയത്. പാർട്ടിയുടെ ഭീഷണിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് സജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസിനെ കുഴക്കി മൊഴിമാറ്റം
പീതാംബരൻ കുറ്റം നിഷേധിക്കുകയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തതോടെ അന്വേഷണ സംഘം വെട്ടിലായി. രാഷ്ട്രീയ വൈരാഗ്യം കാരണം ഏഴു പേരുമായി ചേർന്ന് പീതാംബരൻ നേരിട്ട് കൊല നടത്തിയെന്നും സംഘത്തിൽ പീതാംബരൻ ഉണ്ടായിരുന്നെന്നും നേരത്തേ പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നതെല്ലാം തള്ളിക്കൊണ്ടാണ് മുഖ്യപ്രതി കോടതിയിൽ നിലപാട് മാറ്റിയിരിക്കുന്നത്.