കാസർകോട്: ഇരട്ടക്കൊലക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൾ റഫീഖ്, ഡിവൈ.എസ്.പി പ്രദീപ് എന്നിവർ ഏറ്റെടുത്തു. കേസ് ഫയലുകൾ ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളായ പീതാംബരനെയും സജിയെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഹൊസ്ദുർഗ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ഇരുവരെയും ചോദ്യം ചെയ്തതിനു ശേഷമായിരിക്കും വിശദാന്വേഷണം തുടങ്ങുന്നത്. കൂടുതൽ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. കണ്ടെടുത്ത ആയുധങ്ങൾ സംബന്ധിച്ചും സംശയം നിലനിൽക്കുന്നുണ്ട്. കൂടുതൽ പേർ പ്രതികളാകുമെന്ന സൂചനയുമുണ്ട്. ഉന്നത ഓഫീസർമാർ അടക്കം 25 പേർ ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.
ഇന്ന് സർവകക്ഷി യോഗം
കൊലപാതകങ്ങളുടെയും അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് കാസർകോട്ട് സർവകക്ഷി സമാധാന യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. അതിനിടെ, കോൺഗ്രസ് നിയോഗിച്ച നിയമവിദഗ്ദ്ധൻ ആസിഫലി ഇന്നലെ കല്യോട്ടെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ചർച്ച നടത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നതിന്റെ മുന്നോടിയായാണ് സന്ദർശനമെന്ന് കരുതുന്നു.