h1n1

കാസർകോട് : പെരിയ നവോദയ വിദ്യാലയത്തിൽ എച്ച്1 എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി സംഘടിപ്പിച്ച പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നു തോന്നിയാൽ പ്രത്യേക മെഡിക്കൽ സംഘത്തെ അയയ്ക്കുമെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിലവിൽ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72 കുട്ടികൾ നിരീക്ഷണത്തിലാണ്. ഇതിൽ 34 ആൺകുട്ടികളും 38 പെൺകുട്ടികളും ഉൾപ്പെടും. മൂന്നു ഡോക്ടർമാരും ഒരു ഫിസിഷ്യനും ആറു പാരാമെഡിക്കൽ ടീം അംഗങ്ങളും സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു ലേഡി ഡോക്ടറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എങ്കിൽ കൂടി ഒരാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കൾക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ലൈനും പ്രവർത്തനമാരംഭിച്ചിട്ടിണ്ട്. ഫോൺ: 0467 2234057.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു, സബ് കളക്ടർ അരുൺ കെ. വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി. ദിനേശ് കുമാർ, ഡി.എം.ഒ ഡോ. റിജിത്ത് കൃഷ്ണൻ, ഡോ. അമർ ഫെറ്റിൽ എന്നിവർ പങ്കെടുത്തു.