k-surendran

കാസർകോട്: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മഞ്ചേശ്വരം തിരഞ്ഞെടുപ്പ്‌ കേസിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയതോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഇവിടെയും തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന സജീവമാകുമ്പോൾ കച്ചമുറുക്കി രംഗത്തിറങ്ങാൻ മുന്നണികളും തയാറെടുപ്പിലാണ്. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ തീപ്പാറുമെന്ന് ഉറപ്പാണ്.

മഞ്ചേശ്വരത്ത് തങ്ങളുടെ വിജയം ഉറപ്പിക്കാൻ മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം. ഇവിടെ വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന്‌ കെ.സുരേന്ദ്രൻ നേരത്തെതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സുരേന്ദ്രന് പകരം മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടുപേരുകളാണ് സജീവമായി മുന്നോട്ടുവയ്ക്കുന്നത്. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവർ.

മുസ്‌ലീം ലീഗിൽ സ്ഥാനാർത്ഥി മോഹികൾ ഏറെയുണ്ടെങ്കിലും യു.ഡി.എഫിൽ പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിൽ മുൻമന്ത്രി സി.ടി. അഹമ്മദലിയെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കുമെന്നാണ്‌ കേൾക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ മൽസരപ്പിക്കണമെന്ന അഭിപ്രായവും ലീഗിലുണ്ട്.

സി.പി.എം, മണ്ഡലത്തിലെ മുൻ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെതന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്. അഡ്വ. വി.പി.പി. മുസ്തഫയുടെ പേരും ചർച്ചകളിൽ സജീവമാണ്.

യു.ഡി.എഫിനും എൽ.ഡി.എഫിനും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി ഉണ്ടാവുകയാണെങ്കിൽ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം നടക്കുമെന്നും അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ പി.ബി. അബ്ദുൽ റസാഖ് കെ. സുരേന്ദ്രനെ തോൽപ്പിച്ചത്. ഈ വിജയം ചോദ്യം ചെയ്താണ് 2016 ജൂലായ് 25 ന് സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കള്ളവോട്ട് ചെയ്ത 69 സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഇവരുടെ പട്ടികയും കോടതിക്ക് കൈമാറിയിരുന്നു.

കേസിലെ എതിർകക്ഷിയായ അബ്ദുൾ റസാഖ് എം.എൽ.എ അന്തരിച്ചതിനാൽ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും, കേസിൽ നിന്ന് പിന്മാറുന്ന കാര്യം പാർട്ടി കേന്ദ്രനേതൃത്വവുമായി ആലോചിച്ച് വരികയാണെന്ന് സുരേന്ദ്രൻ ഈയിടെ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കേസിൽ നിന്ന് പിന്മാറാൻ കെ. സുരേന്ദ്രൻ തീരുമാനിച്ചത്.