കണ്ണൂർ: വിദേശ ഒാർഡറുകളുടെ കുറവ് കാരണം തൊഴിൽ സ്തംഭനം നേരിടുന്ന ചെറുകിട യന്ത്രത്തറി വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിൽ അറുന്നൂറോളം ചെറുകിട യന്ത്രത്തറി സ്ഥാപനങ്ങളിലായി 25,000 ഒാളം തൊഴിലാളികളും തൊഴിൽ ഉടമകളുമുണ്ടായിരുന്നു.പല സ്ഥാപനങ്ങളും ഇതിനകം അടച്ചു പൂട്ടിയതിനെ തുടർന്ന് വലിയൊരു വിഭാഗം പിൻവാങ്ങിത്തുടങ്ങിയിട്ടുണ്ട്.
സ്വയം തൊഴിൽപദ്ധതി പ്രകാരമുള്ള ലോണുകളും മറ്റുും ഉപയോഗിച്ച് സ്ഥാപിച്ചവയാണ് മിക്ക സ്ഥാപനങ്ങളും.നിലവിൽ ഇരുന്നൂറോളം സ്ഥാപനങ്ങളും ഇവയിൽ 1200 യന്ത്രത്തറികളും പ്രവർത്തിക്കുന്നുണ്ട്.ഏകദേശം ഏഴായിരത്തോളം തൊഴിലാളികൾ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്.ഒാർഡറുകളിലെ ഗണ്യമായ കുറവ് നിലവിലുള്ള സ്ഥാപനങ്ങളെയും അടച്ചിടൽ ഭീഷണിയിലെത്തിച്ചിരിക്കുകയാണ്. മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല.
കണ്ണൂർ ജില്ല ഒഴിച്ച് സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യന്ത്രത്തറി സഹകരണ സംഘമാണ് പ്രവർത്തിച്ചു വരുന്നത്.സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം ചെയ്യാൻ പറ്റില്ലെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ മുഴുവൻ യന്ത്രത്തറി യൂണിറ്റുകളെയും ഉൾക്കൊള്ളിച്ച് ജില്ലാ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ പവർ ലൂം ഒാണേർസ് ഇൻന്റസ്ട്രിയൽ പ്രൊഡക്ഷൻ ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം (ടെക്സ്കൊ) എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നിട്ടും ആവശ്യ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതിസന്ധികളിൽ നിന്ന് കരകയറാൻ
സർക്കാർ ആശുപത്രി ,പൊലീസ് വകുപ്പ്,ടൂറിസം വകുപ്പ്,പിന്നോക്ക ക്ഷേമ വകുപ്പ്,സാമൂഹ്യ ക്ഷേമ വകുപ്പ്,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ തുണികൾ യന്ത്രത്തറിയിൽ നിന്ന് വാങ്ങുക
യന്ത്രത്തറി വ്യവസായത്തിന്റെ ആധുനീകരണത്തിന് വേണ്ട സഹായങ്ങൾ നൽകുക -
തുണി ഉത്പ്പന്നത്തിന് ആവശ്യമായ നൂൽ,ചായം,കെമിക്കൽസ് എന്നീ അസംസ്കൃത സാധനങ്ങൾക്ക് സബ്സിഡി അനുവദിക്കുക
പ്രതിഷേധ ധർണ ഇന്ന്
ജില്ലയിലെ ചെറുകിട യന്ത്രത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് കണ്ണൂർ ജില്ലാ ചെറുകിട യന്ത്രത്തറി വ്യവസായികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.കെ.കെ.രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും.