periya-murder

കാസർകോട്: പെരിയ കല്ല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാനും പാർട്ടിക്കുണ്ടായ ദുഷ്പേരും ക്ഷീണവും മറികടക്കാനും ഏരിയാ തലങ്ങളിൽ സി.പി.എം വിശദീകരണയോഗങ്ങൾ തുടങ്ങി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ലാ നേതൃത്വം വിശദീകരണ യോഗങ്ങൾ നടത്തുന്നത്. പാർട്ടി അംഗങ്ങളെയും ഏരിയാ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ യോഗം നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്നു. മാർച്ച് ഒന്നിന് പെരിയയിൽ ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടക്കും.


കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊലപാതകം നടത്തുന്ന കാര്യം പീതാംബരൻ പാർട്ടിയെ അറിയിച്ചിട്ടില്ലെന്നുമാണ് നീലേശ്വരത്തെ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ വ്യക്തമാക്കിയത്. പീതാംബരൻ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ കൊലപാതകമാണ് കല്യോട്ട് നടന്നത്. പാർട്ടിയുടെ ഏതെങ്കിലും മുതിർന്ന നേതാക്കളോ ലോക്കൽ ഭാരവാഹികളോ ജനപ്രതിനിധികളോ ഈ കൊലപാതകം നടത്തുന്ന കാര്യം അറിഞ്ഞിട്ടില്ല. പീതാംബരനും കൂടെയുള്ളവർക്കും കൊല്ലപ്പെട്ട യുവാക്കളോട് ഉണ്ടായിരുന്ന പ്രതികാരം തീർത്തതാണ്. തികച്ചും പ്രാദേശികമായി ഉണ്ടായ വൈരാഗ്യം കൊലയിൽ എത്തിയപ്പോൾ അത് പാർട്ടിയുടെ തലയിൽ കെട്ടിവച്ചു രാഷ്ട്രീയ എതിരാളികൾ മുതലെടുപ്പു നടത്താൻ ശ്രമിക്കുകയായിരുന്നു. ഈ ഹീനകൃത്യം നടത്തിയതിന് അയാളെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതായും ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തോടെ യോഗം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു. അംഗങ്ങൾക്ക് ചർച്ചചെയ്യാനോ സംശയങ്ങൾ ഉന്നയിക്കാനോ അവസരം ഉണ്ടായിരുന്നില്ല. പെരിയയിലെ പാർട്ടി യോഗത്തിൽ മുതിർന്ന സി.പി.എം നേതാക്കൾ സംബന്ധിക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പങ്കെടുക്കുമെന്നാണ് സൂചന.