കാസർകോട് : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പീതാംബരന്റെ മൊഴിമാറ്റത്തിനു പിന്നിൽ അഭിഭാഷകന്റെ നിയമോപദേശം. കാസർകോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ പീതാംബരനെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് പ്രതിഭാഗം അഭിഭാഷകൻ പീതാംബരനെ കണ്ടത്. ഇതേത്തുടർന്നാണ് കോടതി നടപടി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു പീതാംബരൻ മൊഴിമാറ്റിയത്. ഇത് പ്രത്യേക അന്വേഷണ സംഘത്തെയും വെട്ടിലാക്കി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യം മുതൽ തുടങ്ങേണ്ടി വന്നേക്കും.
യുവാക്കളെ കൊല്ലിച്ചവരിലേക്ക് അന്വേഷണം എത്തുമെന്നും കൂടുതൽ പേർ പ്രതികളായി വരുമെന്നുമാണ് സൂചനകൾ. പ്രതികളെ സഹായിച്ചവർ അടക്കം 40 ഓളം പേർ കേസിൽ പ്രതികളാകുമെന്ന സൂചനയുമുണ്ട്. മറ്റൊരു പ്രതി സജി ജോർജിനോട് ഇക്കാര്യം പറയാൻ അഭിഭാഷകന് കഴിഞ്ഞില്ല. ഇതോടെ എനിക്കൊന്നും പറയാനില്ലെന്നാണ് സജി കോടതിയിൽ പറഞ്ഞത്.
മൊഴിമാറ്റത്തോടെ പീതാംബരൻ കോടതിയിൽ പറഞ്ഞതും ഇയാളുടെ കുടുംബം പറഞ്ഞതും ഒന്നാവുകയാണ്. മൊഴിമാറ്റത്തിന് കോടതി വലിയ പ്രാധാന്യം കല്പിക്കില്ലെങ്കിലും പീതാംബരന്റെ കാര്യത്തിൽ സ്ഥിതി മറിച്ചാണ്. പ്രതിയും കുടുംബവും പറയുന്നതിൽ സാമ്യമുള്ളതിനാൽ കൊലയാളികൾ ആരെന്ന ചോദ്യമുണ്ടാകും. ഇതോടെയാണ് കോൺഗ്രസ് ആരോപിക്കുന്നതു പോലെ കൃത്യത്തിനായി കണ്ണൂരിലെ പ്രൊഫഷണൽ കില്ലർമാർ എത്തിയോ, കണ്ണൂരിലെ ഷുഹൈബിനെ വധിച്ച സംഘത്തിലെ അംഗങ്ങളാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. ഉന്നതതല ഗൂഢാലോചനയിൽ പീതാംബരനെ കുടുക്കിയതാണോ എന്ന ചോദ്യവും ശക്തമായിട്ടുണ്ട്.