periya-murder

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊല കേസിൽ ക്രൈംബ്രാഞ്ച് സംഘം ആദ്യമായി പെരിയ കല്യോട്ട് തെളിവെടുപ്പിനെത്തി. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കൃപേഷും ശരത്തും വെട്ടേറ്റു കിടന്ന സ്ഥലം തമ്മിലുള്ള അകലവും മറ്റും പരിശോധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയും സംഘം നൽകി. ഇന്നലെയാണ് ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തും അടുത്തദിവസം കാസർകോട്ടെത്തുമെന്നും കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കുമെന്നും സൂചനയുണ്ട്.

അതിനിടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്ന് സംശയിക്കുന്ന വാടക കൊലയാളിയെ കുടുക്കാനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. സംഭവശേഷം കാറിൽ രക്ഷപ്പെട്ട ഇയാൾക്ക് ഒളിവിൽ കഴിയാൻ സി.പി.എം പ്രവർത്തകർ നേരിട്ട് ഇടപെട്ടെന്നും സംശയമുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനടക്കം ഏഴു പേരാണ് ഇതുവരെ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണസംഘം തെരയുന്ന എട്ടാമൻ, പിടിയിലായവർ താമസിച്ച പാർട്ടി ഓഫീസിൽ അഞ്ചു ദിവസം ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇവിടെയുണ്ടായിരുന്ന ആൾക്ക് ഭക്ഷണം നൽകിയത് സമീപത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ഞായറാഴ്ച മുതൽ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇയാൾ മറ്റൊരു ഒളിത്താവളത്തിലേക്ക് മാറിയെന്നാണ് സംശയം. അതേസമയം കുറേ ദിവസം അടഞ്ഞു കിടന്ന പാർട്ടി ഓഫീസ് കഴിഞ്ഞദിവസം തുറന്നു.

ഇതിനിടെ ബേക്കൽ പൊലീസ് സ്റ്റേഷനിലുള്ള മുഖ്യപ്രതി പീതാംബരൻ, സജി ജോർജ് എന്നിവർക്കുള്ള ആവശ്യസാധനങ്ങൾ പാർട്ടി ഉദുമ ഏരിയയിലെ മൂന്നുനേതാക്കളാണ് എത്തിച്ചതെന്നും വിവരമുണ്ട്. പ്രതികളെ സംരക്ഷിക്കില്ലെന്ന് പാർട്ടി ഉന്നതനേതാക്കൾ ആവർത്തിക്കുമ്പോഴാണിത്.