കണ്ണൂർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന കരകൗശല ഉത്പ്പന്നങ്ങൾ കൊണ്ട് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന മലബാർ ക്രാഫ്റ്റ് മേള ശ്രദ്ധേയമാകുന്നു.ഉത്തർ പ്രദേശ് ,ഹരിയാന,കേരളം,ജയ്പൂർ,തമിഴ്നാട്,ഒഡിഷ,കർണ്ണാടക തുടങ്ങി 21 സംസ്ഥാനങ്ങളുടെ തനത് ഉത്പ്പന്നങ്ങളുടെ നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ അലങ്കാര വസ്തുക്കളും കളിപ്പാട്ടങ്ങളും ബാഗുകളുമായി അഞ്ച് സ്റ്റാളുകൾ ശ്രീലങ്കയിൽ നിന്നുമുണ്ട്.
കേരളത്തിന്റെ തനത് കരകൗശല ഉത്പ്പന്നങ്ങളുടെ 50 സ്റ്റാളുകളാണ് മേളയിൽ ഉള്ളത്.ഇവയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ,ചെരുപ്പ്,ആഭരണങ്ങൾ, പാത്രങ്ങൾ ,മുളകൊണ്ടുള്ള ഉത്പ്പന്നങ്ങൾ,തുടങ്ങിയവും മേളയിൽ പ്രദർശത്തിനുണ്ട്.
ജില്ലയുടെ കലാ സാംസ്‌കാരിക പാരമ്പര്യം ലോകത്തിനു മുമ്പിൽ എത്തിക്കുന്ന എന്ന ലക്ഷ്യത്തോടയാണ് മലബാർ ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ തനത് ഉല്പന്നങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി സഞ്ചാരികളെ ആകർഷിക്കാൻ മേളയിലൂടെ സാധിക്കും.കരകൗശല വിദഗ്ദ്ധരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യവും സർക്കാർ ഈ മേളയിൽ ലക്ഷ്യം വെക്കുന്നുണ്ട്.
കരകൗശല വസ്തുക്കളുടെ നിർമാണം നേരിൽ കാണാനും മേളയിൽ നിന്ന് തന്നെ ഉത്പ്പന്നങ്ങൾ വാങ്ങാനും സാധിക്കും എന്നുള്ളതാണ് ക്രാഫ്റ്റ് മേളയുടെ പ്രധാന പ്രത്യേകത. ഉത്പാദകരും ഉപഭോക്താവും തമ്മിൽ നേരിട്ടുള്ള വിൽപ്പനയായതിനാൽ ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഒഴിവാക്കാനാകും. മലബാറിന്റെ തനത് ഭക്ഷണ രുചി കൂട്ടുകളുമായി ഭക്ഷണ സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് ഒമ്പത് വരെ നടക്കുന്ന മേളയിൽ വൈകീട്ട് വിവിധ കലാ പരിപാടികളും അരങ്ങേറും.
ഫോട്ടോ ക്യാപ്ഷൻ - കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന മലബാർ ക്രാഫ്റ്റ് മേള