കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സി.ആർ മഹേഷ്, ശ്രീജിത്ത് മാടക്കൽ, കരുൺ താപ്പ, കെ. ഖാലിദ്, നൗഷാദ് ബ്ലാത്തൂർ, അഡ്വ. പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ പൊയ്നാച്ചി, നോയൽ ടോം ജോസ്, ഉനൈസ്, ഗിരീഷ്, ശ്യാം മാന്യ, ജെയിംസ്, ഷാഫി, അനിൽ കുമാർ, വിനോദ്, അഡ്വ. ഗോവിന്ദൻ, അർജുൻ തുടങ്ങിയ 100 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് കാസർകോട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.പി ഓഫീസ് മാർച്ച് നടത്തിയത്.
സാബിത്ത് വധക്കേസിൽ
വിധി 14 ലേക്ക് മാറ്റി
കാസർകോട്: മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിൽ വിധി പറയുന്നത് മാർച്ച് 14 ലേക്ക് മാറ്റി. കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരത്തെ പൂർത്തിയായി ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയായിരുന്നു.
2013 ജൂലായ് ഏഴിന് രാവിലെ 11.30 മണിയോടെ നുള്ളിപ്പാടി ജെ.പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തടഞ്ഞുനിർത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. സംഭവത്തിൽ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.
ജെ.പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുർളു കാളിയങ്ങാട് കോളനിയിലെ കെ.എൻ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരൻ, ജെ.പി കോളനിയിലെ എസ്.കെ നിലയത്തിൽ സച്ചിൻ കുമാർ എന്ന സച്ചിൻ (22), കേളുഗുഡ്ഡെയിലെ ബി.കെ പവൻ കുമാർ (30), കൊന്നക്കാട് മാലോം കരിമ്പലിലെ ധനഞ്ജയൻ (28), ആർ വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികൾ.