ചോറുവയ്ക്കുമ്പോൾ മിണ്ടാതിരിക്കേണ്ടതുണ്ടോ? നമ്മുടെ നാട്ടിലല്ല,ഇന്തോനേഷ്യയിലെ, ജാവ, ബാലി, മദുര പ്രദേശങ്ങളിൽ ഇങ്ങനെയുമൊരു ആചാരമുണ്ടായിരുന്നു. ചോറുവയ്ക്കുമ്പോൾ സ്ത്രീകളോട് മിണ്ടരുത്. സാധാരണ ചോറൊന്നുമല്ലിത്, തുംപെൻങ് എന്ന പ്രത്യേക വിഭവമൊരുക്കുമ്പോഴാണ് മിണ്ടാതിരിക്കേണ്ടത്.
ജനനം, മരണം, വിവാഹം തുടങ്ങി ഒത്തുകൂടൽ ചടങ്ങുകൾക്ക് അവിഭാജ്യ ഘടകമാണ് തുംപെൻങ്. ചോറ് കോൺ ആകൃതിയിൽ കുത്തിനിർത്തി ചുറ്റും കറികൾ വിളമ്പി അതിഥികൾക്ക് മുന്നിലെത്തിക്കുകയാണ് ചെയ്യുന്നത്. വാഴയില സൂര്യന്റെ ആകൃതിയിൽ വെട്ടിയെടുത്ത് അതിലാണ് വിഭവങ്ങൾ വയ്ക്കുന്നത്. ചോറിന്റെ മുകൾഭാഗത്തും വാഴയില തൊപ്പി കൊണ്ട് അലങ്കരിക്കുന്നു. കറികൾ സസ്യ- മാംസ വിഭവങ്ങളാകാം.
അവരുടെ വിശ്വാസ പ്രകാരം സ്ത്രീകൾ മാത്രമാണ് ചോറുണ്ടാക്കുകയെങ്കിലും പുരുഷന്മാർ കൂട്ടുകറികൾ ഉണ്ടാക്കാൻ സഹായിക്കും. ആർത്തവമുള്ള സ്ത്രീകൾക്ക് പാചകത്തിലിടപെടാൻ അനുവാദമില്ല. വിഭവം ദൈവദത്തമാണെന്ന് സൂചിപ്പിക്കാനാണ് സംസാരിക്കരുതെന്ന് പറയുന്നത്രേ.