കാഞ്ഞങ്ങാട്: വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ കോടതി മൂന്നു വർഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട് താമരശ്ശേരി കടവൂർ തച്ചംപൊയിൽ പി.ടി മുഹമ്മദ് നിസ്സാറെ (29) യാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കണം. പിഴയടയ്ക്കുകയാണെങ്കിൽ തുക ഹരജിക്കാരിക്ക് നൽകാനും കോടതി ഉത്തരവായി. ചെമ്മട്ടംവയൽ ബല്ലത്ത് പുതിയ പുരയിൽ നാരായണന്റെ ഭാര്യ കെ.വി രജനിയാണ് പിടിച്ചുപറിക്കിരയായത്. മോട്ടോർ ബൈക്കിലെത്തിയ പ്രതി രജനിയുടെ കഴുത്തിലെ രണ്ടരപ്പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. 2016 സെപ്റ്റംബർ ആറിന് വൈകിട്ട് ആറരയ്ക്ക് ബല്ലത്തപ്പൻ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഹോസ്ഗുർഗ് പൊലീസ് ചാർജ് ചെയ്തതാണ് കേസ്.