കാഞ്ഞങ്ങാട്: നാളുകളുടെ കാത്തിരിപ്പിനൊടുവിൽ തുറന്ന ആലാമിപ്പള്ളി ബസ് ടെർമിനലിൽ ബസുകൾ അടുത്തമാസം 2 മുതൽ കയറിയിറങ്ങും. ഈ മാസം 22 ന് മുഖ്യമന്ത്രിയാണ് ബസ് ടെർമിനൽ നാടിന് സമർപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നഗരസഭാ ചെയർമാന്റെ ചേംബറിൽ ബസുടമാ പ്രതിനിധികളുടെ യോഗം ചേരും. സ്റ്റാൻഡിൽ ബസ്സുകൾ കയറിയിറക്കുന്നത് സംബന്ധിച്ചാണ് മുഖ്യചർച്ച.
ഒരേസമയം നൂറിലേറെ ബസുകൾ നിർത്തിയിടാനുള്ള സൗകര്യം ബസ് സ്റ്റാൻഡിലുണ്ട്. വൈഫൈ സംവിധാനമുള്ള ബസ് സ്റ്റാൻഡിൽ വായനശാലയും ലൈബ്രറിയുമുണ്ട്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യവും സ്റ്റാൻഡിലുണ്ട്.
ഷീലോഡ്ജിനു പുറമെ കോംപ്ലക്ലിൽ 108 കടമുറികളാണുള്ളത്. ഇവയുടെ ലേലം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതി മുറികൾ ലേലം ചെയ്തതാണ്. വീണ്ടും ലേലം ചെയ്യുമ്പോൾ നേരത്തെ ലേലം കൊണ്ടവർ അതിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഈ സാങ്കേതികത്വങ്ങൾ ഒഴിവാക്കി അടുത്ത സാമ്പത്തികവർഷത്തോടെ കടകളിൽ വ്യാപാരം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ ബസ്സുകൾ മെയിൻറോഡിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.