കണ്ണൂർ:ഗോ എയറിന്റെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങുന്നതിനൊപ്പം തന്നെ കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുവാനുള്ള ഉത്തരവാദിത്വം കൂടി അവർ ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി ഗോ എയറിന്റെ മാർക്കറ്റിംഗ് ജനറൽ മാനേജർ ഹരീഷ് റാവു ടൂറിസം രംഗത്തെയും ഹോട്ടൽ രംഗത്തെയും പ്രമുഖരുമായി ചർച്ച നടത്തി.
മലബാറിന്റെ മുഖച്ഛായ മാറ്റുന്ന അഭിമാന ടൂറിസം പദ്ധതിയായ മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയെക്കുറിച്ച് ആർകിടെക്ട് ടി.വി മധുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മലബാറിലെ എട്ട് നദികളെ ബന്ധിപ്പിച്ചുകൊണ്ട് കേന്ദ്ര കേരള സർക്കാരുകളുടെ സഹായത്തോടെ നടത്തുന്ന മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയുമായി ഗോ എയർ സഹകരിക്കാമെന്ന് ഹരീഷ് റാവു പറഞ്ഞു.
അതുപോലെ തന്നെ ഇൻബോർഡ് ആൻഡ് ഔട്ട്‌ബോർഡ് ടൂർ ഓപ്പറേഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും അതിന് മലബാറിന്റെ എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത വിനോദസഞ്ചാര മേഖലകളെ പുറം ലോകത്തെത്തിക്കുവാനുള്ള പദ്ധതികളാവിഷ്‌കരിക്കാമെന്നും ഗോ എയർ ഉറപ്പ് നൽകി. പുതുതായി സർവ്വീസ് ആരംഭിക്കുന്ന മറ്റ്, അബുദാബി തുടങ്ങിയ
പ്രദേശങ്ങളിലെ ടൂർ ഓപ്പറേറ്റേർസിന് ഗോ എയറിന്റെ സഹായത്തോടെ പ്രത്യേകം ക്ഷണിച്ച് മലബാറിലെ ടൂറിസം മേഖലകൾ കാണുവാനും സന്ദർശിക്കുവാനുമുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടി ഗോ എയറിനോട് കിയാൽ എം.ഡി വി. തുളസീദാസ് അഭ്യർത്ഥിച്ചു.
ഗോ എയറിന്റെ മാർക്കറ്റിംഗ് വിംഗുമായി സഹകരിച്ചുകൊണ്ട് മലബാറിലെ പ്രമുഖ സ്റ്റേക് ഹോൾഡേർസായ ടൂർ ഓപ്പറേറ്റേർസും പ്രോപ്പർട്ടി ഓണേർസും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വിപുലമായ ഒരു മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ഗോ എയർ മാർക്കറ്റിംഗ് ജനറൽ മാനേജർ അറിയിച്ചു. കണ്ണൂർ ജില്ലാ വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ മുരളി, കണ്ണൂർ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ മൻസൂർ, താജ്, സ്വപ്നതീരം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.