ശ്രീകണ്ഠപുരം: രക്ഷിതാക്കളുടെ സ്വപ്നങ്ങൾ പൂവണിയാനുള്ള യന്ത്രമായി കുട്ടികളെ കാണരുതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ശിലസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കൾക്ക് അവരുടെ കാലത്ത് ലഭിക്കാത്ത സൗകര്യങ്ങൾ കുട്ടികളിലൂടെ നേടിയെടുക്കാനാണ് ഇന്ന് ശ്രമിക്കുന്നത്. അതിനായി ലക്ഷങ്ങൾ മുടക്കി പുതിയ സൗകര്യങ്ങളും മികച്ച വിദ്യാലയവും തേടി അലയുകയാണ് പലരും. എന്നാൽ സ്‌കൂൾ കെട്ടിടങ്ങൾ മാത്രമല്ല വികസിക്കേണ്ടത് അതോടൊപ്പം ക്ലാസ് മുറികളിലെ കുട്ടികളുടെ സർഗാത്മകമായ കഴിവുകളും വികസിക്കണം. അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അങ്ങനെ പൂക്കൾ നിറഞ്ഞ പൂവാടിയായി സ്‌കൂളുകൾ മാറണമെന്നും സ്പീക്കർ പറഞ്ഞു.
എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ടും സ്വീകരിച്ചു. പുതിയ ക്ലാസ് മുറികളുടെയും ഗേൾസ് റെസ്റ്റ് റൂമിന്റെയും ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിർവ്വഹിച്ചു. ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷനായി. 2.78 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
1988 ബാച്ച് പൂർവ്വ വിദ്യാർഥികൾ നൽകിയ സ്ഥലത്താണ് കെട്ടിടം ഒരുക്കുന്നത്. സ്ഥലത്തിന്റെ രേഖയും കെട്ടിടം നിർമിക്കുന്നതിനായി നാട്ടുകാർ നൽകിയ ധനസഹായങ്ങളും സ്വീക്കർ ഏറ്റുവാങ്ങി.
എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് റൂമുകൾ നിർമിച്ചത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയ്ക്കാണ് ഗേൾസ് റെസ്റ്റ് റൂം ഒരുക്കിയത്. സ്‌കൂൾ പ്രിൻസിപ്പാൾ സി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി, ജില്ല പഞ്ചായത്ത് മെമ്പർ കെ നാണു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി .പി. നിർമ്മല ദേവി, ഹയർ സെക്കൻഡറി ജില്ല കോർഡിനേറ്റർ പി .ഒ. മുരളീധരൻ, നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി എം കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ല കോർഡിനേറ്റർ കെ .കെ. രവി, സി. കെ. ശൈലജ, ഇ .പി .രഘുനാഥൻ, എൻ. കെ. രേഖ, കെ .ബാലകൃഷ്ണൻ, ഇ .കെ. പ്രഭാകരൻ, മലപ്പട്ടം പ്രഭാകരൻ, ഇ. ചന്ദ്രൻ, പി .പി. നാരായണൻ, അമ്പിലോത്ത് രാജൻ, പി .പി. പ്രഭാകരൻ, പി .പി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.പി .പുഷ്പജൻ സ്വാഗതവും മോളി തോമസ് നന്ദിയും പറഞ്ഞു.
റബ്ബർ കർഷക സെമിനാർ 2ന്
ശ്രീകണ്ഠപുരം : കണ്ണൂർ പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റബ്ബർ കർഷക സെമിനാർ മാർച്ച് 2 ന് ഉച്ചക്ക് 2.30 ന് ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ശ്രീകണ്ഠപുരം നഗരസഭയ്ക്ക് 28 കോടിയുടെ ബഡ്ജറ്റ്
ശ്രീകണ്ഠപുരം: 28 കോടി 22 ലക്ഷം രൂപ വരവും 25 കോടി 12 ലക്ഷം രൂപ ചിലവുമായി ശ്രീകണ്ഠപുരം നഗരസഭയുടെ ബഡ്ജറ്റ് നഗര സഭ വൈസ് ചെയർ പേഴ്‌സൺ ഇഷിത റഹ്മാൻ അവതരിപ്പിച്ചു. ഉല്പാദന മേഖലയ്ക്ക് 1. 14 കോടി, ഭവന നിർമാണത്തിന് 3.20കോടി അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതിക്ക് 6. 80 കോടി ,മാലിന്യ സംസ്‌കരണത്തിന് 36 ലക്ഷം രൂപയും ബഡ്ജറ്റിൽ നീക്കിവച്ചു. പട്ടിക ജാതി പട്ടിക വർഗ്ഗ വികസനത്തിനും ,കാർഷിക മേഖലയ്ക്കും കുടിവെള്ള പദ്ധതി ,സാമൂഹ്യ സുരക്ഷിതത്വത്തിനും,ആരോഗ്യ മേഖലയ്ക്കും ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്.
വേളായിലെ നഗരസഭയുടെ സ്ഥലത്ത് 30 ലക്ഷം ചിലവിൽ കൃഷിഭവൻ കെട്ടിടം പണിയും. നഗരത്തിൽ സി.സി ടി.വി ക്യാമറ സ്ഥാപിക്കാൻ 2.5 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ 14 ലക്ഷവും നീക്കിവച്ചു.
ഭവനനിർമ്മാണ സഹായത്തിന് ഊന്നൽ നൽകി പാനൂർ നഗരസഭ
പാനൂർ: നഗരസഭയിൽ അർഹരായ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായ വീട് എന്ന അടിസ്ഥാനപരമായ ആവശ്യം പരിഗണിക്കാൻ പാനൂർ നഗരസഭ ബഡ്ജറ്റിൽ ആദ്യ ഗഡുവായി രണ്ട് കോടി രൂപ നീക്കി വച്ചു.ചുവട്, പദ്ധതി വഴി നാല്പത് കിലോമീറ്റർ പുതിയ നടപ്പാത ഡിജിറ്റൽ മാപ്പിംഗ് സംവിധാനമുപയോഗിച്ച് നടപ്പിലാക്കാൻ 20 ലക്ഷവും വകയിരുത്തി.
തെരുവിളക്കിന് 15 ലക്ഷവും, കിണർ റീചാർജിംഗ്, റിംഗ് പോസ്റ്റ് യൂണിറ്റ്, കിച്ചൺ ബിൻ തുടങ്ങിയ ശുചിത്വ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും, കാർഷിക ഉല്പാദനമേഖലയുടെ സമഗ്ര വികസന പദ്ധതികൾക്കായി 203270 രൂപയും വിവിധ റോഡുകളുടെ നവീകരണത്തിന് 1.15 കോടിയും കാലിതൊഴുത്ത് നവീകരണം മുട്ടക്കോഴി വിതരണം, കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾക്കായി 5 ലക്ഷം രൂപയും, ഡയാലിസിസ് വിധേയരാകുന്നവർക്ക് സൗജന്യ മരുന്നിന് 25 ലക്ഷം രൂപയും വനിത ക്ഷേമ പദ്ധതികൾക്കായി 31 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. നഗരസഭ ആസ്ഥാന മന്ദിരം മന്ദിരം നിർമ്മിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായമുൾപ്പെടെ പത്ത് കോടി രൂപയും വകയിരുത്തി. 22,3650007 വരവും 32,009 2261 ചെലവും 42,735330 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത് 'ബഡ്ജറ്റ് ചർച്ച ചെയ്യാൻ വേണ്ടത്ര സമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ഭവനപദ്ധതി,പുതിയ ബസ് സ്റ്റാൻഡ്
ആന്തൂരിന് 28 കോടിയുടെ ബഡ്ജറ്റ്
തളിപ്പറമ്പ്: പി .എം. എ .വൈ ലൈഫ് ഭവനപദ്ധതിയിൽ വീടുകൾ നിർമിക്കാൻ ആറു കോടി രൂപയും
ധർമ്മശാലയിൽ പുതിയ ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി ആന്തൂർ നഗരസഭയുടെ ബഡ്ജറ്റ്. മുന്നിരിപ്പ് ഉൾപ്പെടെ 284083 109 രൂപ വരവും 246650 215 രൂപ ചെലവും 152 07909 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
പറശിനിക്കടവ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിഷ്‌ക്കരിക്കാൻ രണ്ട് കോടിയും സമഗ്ര കാർഷിക വികസനത്തിന് 70 ലക്ഷം, റോഡുകൾ, ഡ്രൈനേജുകൾ എന്നിവയ്ക്ക് നാലര കോടി രൂപയും വകയിരുത്തി.
ക്ലീൻ ആന്തൂർ ഗ്രീൻ ആന്തൂരിന് 60 ലക്ഷവും അയ്യങ്കാളി നഗര തൊഴിലുറപ്പിന് 4 കോടിയും പാലിയേറ്റീവ് പ്രവർത്തങ്ങൾക്ക് 6 ലക്ഷം രൂപയും വകയിരുത്തി. ഷീ ലോഡ്ജിന് സ്ഥലമെടുക്കാൻ 6 ലക്ഷം രൂപ, ലേഡി ഹെൽത്ത് ക്ലബിന് 10 ലക്ഷം, വഴിവിളക്കുകൾക്ക് 40 ലക്ഷം, വയോമിത്രം 10 ലക്ഷം, കലാകാരൻമാർക്ക് പരിശീലനത്തിന് 75 ലക്ഷം, ഹൈടെക് അങ്കണവാടിക്ക് 9 ലക്ഷം, ഇഹെൽത്ത് അഞ്ചര ലക്ഷം, സ്‌പോർട്‌സ് കിറ്റ് വിതരണം 3 ലക്ഷം, വനിതാ സംരംഭങ്ങൾക്ക് 10 ലക്ഷം, ' നാനോ മാർക്കറ്റിന് 2ലക്ഷം, പട്ടികജാതി വികസന പദ്ധതികൾക്ക് 50 ലക്ഷം, തലുവിൽ സാംസ്‌ക്കാരിക നിലയം നിർമ്മിക്കാൻ 5 ലക്ഷം, ഫ്‌ളാറ്റ് നിർമാണത്തിന് 12 ലക്ഷം, ഡേ കെയർ 10 ലക്ഷം, ഒരു വീട്ടിൽ ഒരു മാവും മഴക്കുഴിയും പദ്ധതിക്ക് 2 ലക്ഷം, എ.കെ.ജി. ഐലന്റ് സംരക്ഷണത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നത്.ചെയർപേഴ്‌സൻ പി.കെ.ശ്യാമളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് സമ്മേളനത്തിൽ പി.പി.ഉഷ, കെ.രവീന്ദ്രൻ, കെ.പി.ശ്യാമള, വി.പുരുഷോത്തമൻ, പി.കെ.മുജീബ് റഹ്മാൻ, കെ.കെ.കുഞ്ഞമ്പു, ടി.സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.