murder-case-in-periya

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകൾ കൂടി കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തായി ഒളിപ്പിച്ച നിലയിൽ വാഹനങ്ങൾ കണ്ടെത്തിയത്. പെരിയ ഏച്ചിലടുക്കത്തെ ക്വാറി ഉടമ ശാസ്താ ഗംഗാധരന്റെ വീടിനു സമീപമാണ് സ്വിഫ്റ്റ് ഡിസയർ കാറും ഇന്നോവ കാറും കണ്ടെത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ദ്ധർ വാഹനങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു വാഹനങ്ങൾ നേരത്തേ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സ്വിഫ്റ്റ് ഡിസയർ, കേസിൽ നേരത്തേ അറസ്റ്റിലായ ശാസ്താ ഗംഗാധരന്റെ മകൻ ഗിജിന്റേതും ഇന്നോവ, ഗംഗാധരന്റെ സഹോദരിയുടെ മകൻ അരുൺകുമാറിന്റേതും ആണെന്ന് കണ്ടെത്തി.

കൊലക്കേസിൽ അറസ്റ്റിലായ ഗിജിന്റെ പിതാവും സി.പി.എം പ്രവർത്തകനുമായ ശാസ്താ ഗംഗാധരന് 22 വാഹനങ്ങളുണ്ട്. ഇതിൽ മിക്കതും കൊലയ്ക്കുമുമ്പ് തന്നെ അക്രമം ഭയന്ന് സ്ഥലത്തു നിന്നു മാറ്റിയിരുന്നു. ഇതിൽപെട്ട രണ്ടു വാഹനങ്ങളാണ് ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുവളപ്പിലെ വാഹനങ്ങൾ മുഴുവൻ മാറ്റിയിടുകയും ജോലിക്കാരോട് 18ന് പണിക്ക് വരണ്ടെന്ന് ഗംഗാധരൻ പറഞ്ഞതും അന്വേഷിക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. ശാസ്താ ഗംഗാധരൻ അറിയാതെ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം നടക്കില്ലെന്ന് ഇവരുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. ഗംഗാധരന്റെ കുടുംബം മുഴുവൻ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത്. പണവും വാഹനവും നൽകിയും പ്രൊഫഷണൽ കില്ലർമാരെ നിയോഗിച്ചും കൊലപാതകം നടത്താൻ എല്ലാവിധ സഹായവും ചെയ്തത് ഗംഗാധരൻ ആണെന്നും സുധാകരൻ ആരോപിച്ചു.