പയ്യന്നൂർ: മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി 13 പ്രവർത്തികളുടെ നിർദ്ദേശം സമർപ്പിച്ചു. റോഡ് നവീകരണം, വിദ്യാലയങ്ങൾക്ക് കെട്ടിടം, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് 5 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ അയ്യോളം-കുറുവേലി അമ്പലം – അരിയീൽ അരവഞ്ചാൽ ടാറിംഗിന് 50 ലക്ഷം, വൈപ്പിരിയം–ആലക്കാട്–എരമം സെക്യൂരിറ്റി റോഡ് ടാറിംഗിന് 25 ലക്ഷം, പെരിങ്ങോം–വയക്കര പഞ്ചായത്തിലെ കക്കറ ഗാന്ധി സ്മാരക ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിന് 50 ലക്ഷം, അരവഞ്ചാൽ കാഞ്ഞിരപ്പൊയിൽ-കോട്ടോൽ-ഉദയം കുന്ന് റോഡ് ടാറിംഗിന് 25 ലക്ഷം, ആനപ്പെട്ടിപ്പൊയിൽ-അറുകര – പോത്താംകണ്ടം റോഡ് ടാറിംഗിന് 25 ലക്ഷം, കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കരിവെള്ളൂർ-പെരളം പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിന് 75 ലക്ഷം, പ്രാന്തംചാൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കെട്ടിടത്തിന് 20 ലക്ഷം, ചെറുപുഴ പഞ്ചായത്തിൽ വാഴക്കുണ്ടം എൽ.പി സ്‌കൂൾ കെട്ടിടത്തിന് 50 ലക്ഷം, മുളപ്ര–പാണ്ടിക്കടവ്–ചെറുപുഴ റോഡ് ടാറിംഗിന് 25 ലക്ഷം, തിരുമേനി–മുതുവം–പരുത്തിക്കല്ല് റോഡ് ടാറിംഗിന് 25 ലക്ഷം, എരമം–കുറ്റൂർ പഞ്ചായത്തിലെ കുറ്റൂർ പി.എച്ച്.സി കെട്ടിടത്തിന് 25 ലക്ഷം, പയ്യന്നൂർ നഗരസഭയിൽ നഗരസഭ അർബൻ പി.എച്ച്.സി കെട്ടിടത്തിന് 65 ലക്ഷം, പെരുമ്പ ഗവ. മാപ്പിള യു.പി. സ്‌കൂൾ കെട്ടിടത്തിന് 40 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയതെന്ന് സി. കൃഷ്ണൻ എം.എൽ.എ.അറിയിച്ചു.
ഗ്രാസ്രൂട്ട് ഫുട്‌ബാൾ പരിശീലനം
പയ്യന്നൂർ: കായിക–യുവജന വകുപ്പ് നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബാൾ പരിശീലന പരിപാടിയായ 'കിക്കോഫ്' ന്റെ പെൺകുട്ടികൾക്കുള്ള പരിശീലന–സെലക്ഷൻ ക്യാമ്പ് നാളെ ഉദ്ഘാടനം ചെയ്യും. 2ന് 8 മണിക്ക് നടക്കുന്ന ചടങ്ങ് സന്തോഷ് ട്രോഫി നേടിയ കേരള ടീം ഗോൾ കീപ്പർ മിഥുൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വനിതാ ജൂനിയർ ഫുട്‌ബാൾ ടീം മുൻ ചീഫ് കോച്ചായിരുന്ന പ്രിയ മുഖ്യാഥിതിയാകും. 2007, 2008 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടി സംസ്ഥാനത്തെ 18 സെന്ററുകളിൽ ആരംഭിച്ചിരുന്നു. ഇതേ പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കുള്ള ഫുട്‌ബാൾ പരിശീലന പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യത്തെ സെന്ററായി പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനെയാണ് തിരഞ്ഞെടുത്തത്.
സ്‌കൂൾ ലൈബ്രറി ഉദ്ഘാടനം
പയ്യന്നൂർ: ഗവ. മോഡൽ ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'പത്തായം -78' പയ്യന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ഡിജിറ്റൽ ലൈബ്രറി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഡിസൈൻ ചെയ്ത ടി.സി.വി ദിനേശന് മന്ത്രി ഉപഹാരം നൽകി. കൗൺസിലർമാരായ വി. നന്ദകുമാർ, എ.കെ. ശ്രീജ, പ്രിൻസിപ്പൽമാരായ ടി.വി. വിനോദ് , സി.വി. ബിനീഷ്, ഹെഡ്മാസ്റ്റർ ടി.എസ്. രാമചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് അശോകൻ കക്കാട്, വനിതാ കമ്മിറ്റി ചെയർമാൻ എൻ.കെ. ശോഭന തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ എ.വി. ശശികുമാർ സ്വാഗതവും കൺവീനർ പി. സുരേശൻ നന്ദിയും പറഞ്ഞു.
'പെണ്ണുയിർപ്പ് ' ലിംഗപദവി
സ്വയം പഠന പ്രക്രിയ
കണ്ണൂർ. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ലിംഗ പദവി സ്വയം പഠന പ്രക്രിയയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു. 'പെണ്ണുയിർപ്പ് ' എന്ന പേരിൽ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. 'നവോത്ഥാനത്തിലെ പെൺപോരാട്ടം' എന്ന വിഷയത്തിൽ കരിവെള്ളൂർ മുരളിയും 'ലിംഗസമത്വവും നീതിയും' എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും സംസാരിച്ചു. ചർച്ചയിൽ അഡ്വ. ഇന്ദിര, എം.വി. സരള, സന്ധ്യ ജിജോ എന്നിവർ പങ്കെടുത്തു.
കേരള സർവകലാശാലയിൽ നിന്ന് കൗൺസിലിംഗിൽ പരിശീലനം പൂർത്തിയാക്കിയ ജില്ലാ മിഷന്റെ കമ്മ്യൂണിറ്റി കൗൺസിലർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്‌നേഹിതയുടെ വാർഷികാഘോഷവും വാർഷിക റിപ്പോർട്ട് അവതരണവും നടന്നു. സി.ഡി.എസ് ചെയർപേഴ്സൺ കെ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത് സ്വാഗതവും കെ.എൻ. നൈൽ നന്ദിയും പറഞ്ഞു.