periya-murder

കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം തെളിവ് ശേഖരണത്തിൽ ഒതുങ്ങിയേക്കും. ക്രൈംബ്രാഞ്ച് സി.ഐമാരായ അബ്ദുൾ റഹീം, സി.കെ. സുനിൽകുമാർ എന്നിവർ ഇന്നലെയും കൊലപാതകം നടന്ന കല്യോട്ടും പരിസരങ്ങളിലും ക്യാമ്പുചെയ്‌ത് അന്വേഷണം ഊ‌ർജിതമാക്കിയിരുന്നു. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നവരെ കണ്ടെത്തി മൊഴിയെടുക്കുകയാണിപ്പോൾ. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് ഡയറിയിൽ തെളിവുകൾ കുറവായിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, മറ്റു തെളിവുകൾ എന്നിവ ക്രൈംബ്രാഞ്ച് ശേഖരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കേസിൽ പരിധി കടന്നുള്ള അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. ഉന്നത നേതാക്കൾക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്ന പ്രതി പീതാംബരന്റെ മൊഴി കുഴക്കുമെന്ന് അറിയാവുന്നവരാണ് ക്രൈംബ്രാഞ്ച് അന്വേഷണം തെളിവുകളുടെ ശേഖരണത്തിൽ ഒതുക്കാൻ നിർദ്ദേശിച്ചത്. പ്രത്യേക സംഘം നടത്തിയതിന്റെ തുടരന്വേഷണം മാത്രമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിന്റെ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. പീതാംബരൻ അടക്കമുള്ള ഏഴ് പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുക മാത്രമായിരിക്കും ഇവർ ചെയ്യുക. കൂടുതൽ അറസ്റ്റ് വേണ്ടിവന്നാൽ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം നടത്തിയാൽ മതിയെന്നാണ് നിരീക്ഷണം.