dysp

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ കുടുക്കിയ ഡിവൈ.എസ്.പിയെ മാറ്റി. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്‌ത കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ്‌ കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് മാറ്റി ഇന്നലെ രാത്രി ഉത്തരവിറക്കിയത്.

സംഭവം നടന്നയുടൻ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തും ക്രൈംബ്രാഞ്ച് സി.ഐ അബ്ദുൽ റഹീമും ചേർന്ന് രഹസ്യമായി അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ കൊലയ്ക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനും സഹായിച്ചു. അതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘം പീതാംബരനടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ അറസ്റ്റുചെയ്ത ദിവസം തന്നെ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കേണ്ടതില്ലെന്ന് നിർദ്ദേശം തിരുവനന്തപുരത്ത് നിന്ന് ലഭിച്ചിരുന്നു. സംഘത്തെ സഹായിച്ച സി.ഐയോട് പാനൂരിൽ ചാർജെടുക്കാനും നിർദ്ദേശിച്ചു.

പിന്നീട് ക്രൈംബ്രാഞ്ചിനെ പൂർണമായും ഒഴിവാക്കിയാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചത്. രഞ്ജിത്തിന്റെ ഒഴിവിൽ കോഴിക്കോട് ട്രാഫിക് ഡിവൈ.എസ്.പി എം.പി. വിനോദിനെ കാസർകോട് ക്രൈംബ്രാഞ്ചിൽ നിയമിച്ചു.