മാനന്തവാടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ റൂസ (രാഷ്ട്രീയ ഉഛതാർ ശിക്ഷ അഭിയാൻ) പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ബോയ്‌സ് ടൗണിൽ അനുവദിച്ച മോഡൽ ഡിഗ്രി കോളേജിന്റെ ഡിജിറ്റൽ ശിലാസ്ഥാപനം ഫെബ്രുവരി 3 ന് മാനന്തവാടി ഗവ. കോളേജിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വീഡിയോ കോൺഫറൻസലൂടെയാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുക. പരിപാടിയിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഈ കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കഴിഞ്ഞമാസം തീരുമാനമെടുത്തിരുന്നു. 12 കോടി രൂപ ചെലവിലാണ് കോളേജ് സ്ഥാപിക്കുന്നത്.
സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തിൽ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് ഇത്. കോളേജ് സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ കൈവശമുളള 10 ഏക്കർ സ്ഥലത്താണ് കോളേജ് സ്ഥാപിക്കുക.