പുതിയ രാത്രികാല സർവീസ് കോഴിക്കോട്, കോട്ടയം വഴി

9.20 മണിക്കൂറിൽ ബത്തേരി നിന്ന് തിരുവനന്തപുരത്ത്

കൽപറ്റ: സുൽത്താൻ ബത്തേരിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ രാത്രികാല കെ.എസ്.ആർ.ടി.സി 'മിന്നൽ' സൂപ്പർ എയർ ഡീലക്സ് ബസ് സർവീസ് ഇന്ന് (ശനിയാഴ്ച) ആരംഭിക്കും. നിലവിൽ മാനന്തവാടിയിൽനിന്നും ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്ക് ഒരോ മിന്നൽ സർവീസ് നടത്തുന്നുണ്ട്.

മാനന്തവാടിയിൽനിന്ന് രാത്രി ഏഴിനുള്ള മിന്നലും ബത്തേരിയിൽനിന്ന് രാത്രി 7.45നുമുള്ള മിന്നലും താമരശ്ശേരി, പെരിന്തൽമണ്ണ, എറണാകുളം,ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ, പുതിയ സർവീസ് കോഴിക്കോട്, കോട്ടയം (എം.സി റോഡ്) വഴിയായിരിക്കും.

ഡ്രൈവർ കം കണ്ടക്ടർമാരായിരിക്കും ബസിലുണ്ടാകുക. വയനാട്ടിൽനിന്നുള്ള മൂന്നാമത്തെ മിന്നൽ സർവീസ് സുൽത്താൻ ബത്തേരി ഡിപ്പോയാണ് ഓപ്പറേറ്റ് ചെയ്യുക. ആകെ 9.20 മണിക്കൂറിനുള്ളിലാണ് ബത്തേരിയിൽനിന്ന് തിരുവനന്തപുരത്തെത്തുക.

രാത്രി പത്തിന് സുൽത്താൻ ബത്തേരിയിൽനിന്ന് പുറപ്പെട്ട് കൽപറ്റ (22.25), താമരശ്ശേരി (23.15), കോഴിക്കോട് (23.55), തൃശ്ശൂർ (02.15), മൂവാറ്റുപുഴ (03.30), കോട്ടയം (04.45), കൊട്ടാരക്കര (06.05) വഴി പുലർച്ചെ 7.20ന് തിരുവനന്തപുരത്തെത്തും. മേൽപറഞ്ഞ സ്ഥലങ്ങളിലും അങ്കമാലിയിലും (റിക്വസ്റ്റ്) മാത്രമായിരിക്കും ബസിന് സ്റ്റോപ്പുണ്ടാകുക.

തിരുവനന്തപുരത്തുനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് കൊട്ടാരക്കര (21.15), കോട്ടയം (22.50), മൂവാറ്റുപുഴ (23.50), തൃശ്ശൂർ (01.10), കോഴിക്കോട് (03.25), താമരശ്ശേരി (04.05), കൽപറ്റ (04.55) വഴി പിറ്റേന്ന് പുലർച്ചെ 5.20ന് ത്തേരിയിലെത്തും.

നേരത്തെ കാസർകോട് തിരുവനന്തപുരം റൂട്ടിൽ ഓടിയിരുന്ന മിന്നൽ ഷെഡ്യൂൾ ബസുകൾ (എ.ടി.സി 122, 123) ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസിെന്റ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട് (online.keralartc.com). കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

പുതിയ മിന്നൽ സർവീസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് ബത്തേരി ഡിപ്പോയിൽ നടക്കും. സർവീസ് രാത്രി പത്തിന് ആരംഭിക്കും.

ഈ മാസം ആദ്യം ബത്തേരിയിൽനിന്ന് രാത്രി 9.30ന് കോഴിക്കോട്, കുറ്റിപ്പുറം, ഗുരുവായൂർ, എറണാകുളം വഴി പുനലൂരിലേക്കും തിരിച്ചും സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചിരുന്നു.

മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്‌