മാനന്തവാടി: തവിഞ്ഞാൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാറിന്റെ മരണം നടന്നിട്ട് രണ്ടു മാസമായിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ആക്ഷൻ കമ്മറ്റി യോഗം കുറ്റപ്പെടുത്തി. പൊലിസ് സമ്മർദ്ദത്തിന് വിധേയമായി അന്വേഷണം പേരിനു മാത്രമാണ് നടത്തുന്നത്. അനിൽകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിക്കുന്നവർ ഈ ബാങ്കിൽ മുമ്പ് നടന്ന സാമ്പത്തിക വെട്ടിപ്പിൽപ്പെട്ട് വിജലൻസ് അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരാണ്. 2004 ൽ വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് കേസ് എടുക്കാൻ ശുപർശ ചെയ്തത്. വിജിലൻസ് റിപ്പോർട്ടിൽ അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് എതിരെ ബാങ്കിൽ നടന്ന തട്ടിപ്പിൽ പങ്കുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ തവിഞ്ഞാൽ കൃഷിഭവനിലെ മുൻ കൃഷി ഓഫീസറുടെ പങ്കും കൃഷിഭവന്റെ സാമ്പത്തിക ക്രമക്കേടും അന്വേഷണ വിധേയമാക്കണം. പൊലിസ് അന്വേഷണത്തിൽ വിഴ്ച വരുത്തിയാൽ വിപുലമായ സമരപരിപാടികൾ ആരംഭിക്കാൻ ആക്ഷൻ കമ്മറ്റി തിരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. അമൃതരാജ്, പി.നാണു,പി.എസ് മുരുകേശൻ, ഗിരീഷ് കട്ടക്കളം, ഗിരിഷ് ടി.ടി., അബൂബക്കർ സിദ്ധിഖ്, സുനീർ, എം.അബ്ദുറഹ്മാൻ, മുഹമ്മദാലി, ഷാജി വി.ടി. എന്നിവർ പ്രസംഗിച്ചു.