കുറ്റ്യാടി: വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്കിൽ നിന്ന് വായ്പയെടുത്തവർ പ്രതിസന്ധിയിലാണെന്നും വിഷയത്തിൽ സർക്കാരുകൾ നീതി കാട്ടണമെന്നും ജില്ലാ എഡ്യുകേഷൻ ലോണീസ് വെൽഫയൽ ഓർഗനൈസേഷൻ കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2002 ൽ അന്നത്തെ യു.പി.എ ഗവൺമെന്റാണ് സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകണമെന്ന നിയമം പാർലമെന്റിൽ പാസാക്കിയത്. ഇതേ തുടർന്നു ബാങ്കുകൾ ഈടിലാതെ 4 ലക്ഷം വരെയുള്ള വായ്പകൾ 14 ശതമാനം പലിശ നിരക്കിൽ അനുവദിച്ചു പോന്നു. 2018ൽ വായ്പ തുക 7.5ലക്ഷമായി ഉയർത്തുകയും ചെയ്തു. എന്നാൽ വായ്പയായി തുകയെടുത്തു പഠനം പൂർത്തീകരിച്ചവർക്ക് ജോലി നൽകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായില്ല. ഇത് ഉദ്യാഗാർത്ഥികൾക്ക് വായ്പ തിരിച്ചു നൽകാൻ കഴിയാതെ വരുന്നു.
ഇതേസമയം വായ്പ തുക തിരിച്ചു പിടിക്കുന്നതിന് കർശന നിലപാടാണ് ബാങ്കുകൾസ്വീകരിച്ചു വരുന്നത്. വൻകിട കോർപറേറ്റുകൾക്ക് മതിയായ ഈടില്ലാതെ കോടിക്കണക്കിന്ന് രൂപ വായ്പ കൊടുത്തത് തിരിച്ചു പിടിക്കാനാവാതെ സർക്കാർ എഴുതി തള്ളുമ്പോഴാണ് പാവങ്ങളോടു സർക്കാറിന്റെ ക്രൂരതയെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഒന്നുകിൽ വായ്പ എടുത്ത് പഠിച്ചവർക്ക് ജോലി നൽകാൻ സർക്കാർ മുൻകൈ എടുക്കണം. അല്ലെങ്കിൽ
വിദ്യാഭ്യാസം സർക്കാറിന്റെ ബാധ്യതയായി കാണണം. രണ്ടിലൊന്ന് നടപ്പാക്കുന്നത് വരെ ബാങ്കുകൾ സ്വീകരിച്ചു വരുന്ന നടപടികളെ നിർത്തലാക്കണമെന്നും എഡ്യുക്കേഷൻ ലോണീസ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എ.പി കുട്ടപ്പൻ, സെക്രട്ടറി പി സരളാ ദേവി, ട്രഷറർ ഇ.പി മോഹൻദാസ് എന്നിവർ ആവശ്യപ്പെട്ടു.