കുറ്റ്യാടി: കുറ്റ്യാടി ,നാദാപുരം സംസ്ഥാന പാതയിലെ കുറ്റ്യാടി സർക്കാർ ആശുപത്രി വളപ്പിലെ തണൽ മരം പൊട്ടി വീണ് മുൻവശത്തെ നടപ്പാതയിൽ കിടക്കുാൻ തുടങ്ങിയിട്ട് ഒരാഴ്ച. ദിവസേന ആയിരക്കണക്കിനാളുകൾ നടന്നു പോകുകയും വാഹന തിരക്കുമനുഭവപെടുകയും ചെയ്യുന്ന പാതയോരത്തെ അവശിഷ്ടങ്ങൾ എടുത്തു മാറ്റാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. കാൽനട യാത്രക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പലപ്പോഴും വേഗതയിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപെടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെയെത്തുന്നവർക്കും പുറമെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത്, വനം വകുപ്പ് കാര്യാലയം മറ്റ് വ്യാപാര വാണിജ്യകേന്ദ്രങ്ങൾ എന്നിവ പരിസര ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഏറെ ജനതിരക്കനുഭവപെടാറുള്ള സ്ഥലമാണിത്. എത്രയും പെട്ടെന്ന് മരത്തിന്റെ അവശിഷ്ടങ്ങൾ എടുത്തു മാറ്റി ആശുപത്രി പരിസരം ശുചീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാവുകയാണ്.