സുൽത്താൻ ബത്തേരി: കാർഷിക രംഗത്ത് പ്രതീക്ഷ നഷ്ടമായ പരമ്പരാഗത കർഷക കുടുംബങ്ങളിലെ വീട്ടമ്മമാരും അതിജീവനത്തിനായി പാതയോരത്ത് പഴം -പച്ചക്കറി കച്ചവടത്തിന് ഇറങ്ങി. ടൗണിൽ നിന്ന് വിട്ട് തിരക്കുള്ള റോഡുവക്കിൽ ഇവർ നടത്തുന്ന കച്ചവട കേന്ദ്രങ്ങളിലും ആളുകളെത്തുന്നു. ആദ്യ നാളുകളിൽ വിഷരഹിത കുടക് ഓറഞ്ചും പിന്നീട് ജൈവ പച്ചക്കറി ഇനങ്ങളുടേയും ബാനറുകൾ ഉയർത്തി ആയിരുന്നു കച്ചവടം. ക്രമേണ അതെല്ലാം ഒഴിവാക്കി മൊത്ത വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങി വിറ്റുവരികയാണിപ്പോൾ.
വയനാടൻ വന വിഭവങ്ങളിൽ പ്രധാനമായ കാട്ടുതേൻ വരെ ഇത്തരം കടകളിൽ ലഭിക്കും. വാഹന ബാഹുല്ല്യം ഏറിയതോടെ ടൗണുകളിൽ പാർക്കിങ്ങ് സൗകര്യം കിട്ടാതെ വരുന്നവർ പാതയോരത്തെ ഈ ചെറുകിട കച്ചവടക്കാരുടെ ഇടപാടുകാരായി.
പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റ നാടായ ഇവിടെ വരുന്ന സഞ്ചാരികൾക്കും ഇത്തരം കച്ചവട കേന്ദ്രങ്ങളോട് പ്രിയമാണ്.
കാൽ നടയാത്രക്കാരില്ലാതായതോടെ പ്രധാന റോഡുകളിലും വാഹനങ്ങളിലെത്തുന്നവരെ ആശ്രയിച്ച് മാത്രമാണ് ഇവരുടെ വ്യാപാരം.
പ്രളയത്തിന് ശേഷം കാർഷിക ഉത്പാദന രംഗത്തുണ്ടായ വൻ കുറവും വിപണിയിലെ വിലത്തകർച്ചയുമെല്ലാമാണ് വഴിയോര വ്യാപാരത്തിന് ഇറങ്ങാൻ പലരേയും പ്രേരിപ്പിച്ചത്.
വയനാട്ടിലെ ഗിരിവർഗ്ഗ സമുദായങ്ങളിലെ പുതുതലമുറ വനിതകൾ പോലും ഇത്തരം കച്ചവട മേഖലയിലേക്ക് കടന്നുവരികയാണിപ്പോൾ. ടൗണിലെ കടകളിൽ കിട്ടുന്നതിനേക്കാൾ വില കുറച്ച് ഫുട്പാത്ത് കച്ചവടക്കാരിൽ നിന്ന് കിട്ടുമെന്ന പഴയ പ്രതീക്ഷയും അസ്ഥാനത്തായി കഴിഞ്ഞു.
പാതയോരത്തെ പലരും മൊത്ത വ്യാപാരികളുടെ കമ്മീഷൻ ഏജന്റുമാരുമാണ്. ടൗണിൽ പാതയോരത്ത് പുതുതായി വരുന്ന വഴിയോര കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും അളവു-തൂക്ക ഉപകരണങ്ങൾ ബലമായി പിടിച്ചെടുത്തും ചിലർ ഗുണ്ടാ വിളയാട്ടം നടത്തുന്ന സംഭവങ്ങളും ടൗണുകളിൽ ഉണ്ടാകുന്നുണ്ട്. ദിവസ വാടക സമ്പ്രദായത്തിന്റെ കടന്നുവരവോടെ പിടിച്ച് നിൽക്കാനാവാതെ പിന്തിരിയുന്നവർക്കും വയനാടൻ പാതയോരങ്ങൾ പുതിയ പ്രതീക്ഷയാണ് നൽകുന്നത്. ഗൃഹോപകരണങ്ങളുടേയും തുണിത്തരങ്ങളുയുമെല്ലാം ചില്ലറ വ്യാപാരം ഓൺലൈനായി മാറിയതോടെ പരമ്പരാഗത കച്ചവടക്കാർ അതിജീവനത്തിന് പാടുപെടുകയാണ്.
ജല വിതരണം മുടങ്ങും.
മാനന്തവാടി: ജലവിതരണ അതോറിറ്റിയുടെ മാനന്തവാടി സെക്ഷൻ പരിധിയിലുളള എടവക പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി ഏഴുവരെ ഈ പദ്ധതിയിൽ നിന്നുളള ജലവിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.